balabhaskar

തിരുവനന്തപുരം: വിഖ്യാത വയലിനിസ്‌റ്റ് ബാലഭാസ്‌ക‌ർ അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചിരുന്നതായി സംശയിക്കപ്പെടുന്ന തൃശൂർ സ്വദേശി അർജുൻ നാട്ടിൽ നിന്നും മുങ്ങിയതായി സൂചന. മൂന്നുമാസങ്ങൾക്ക് മുമ്പ് അസമിലേക്ക് കടന്ന അർജുനെ ഉടൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാരോട് ആവശ്യപ്പെട്ടു. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്ന കാര്യത്തിൽ വ്യക്തതവരുത്താൻ ആരോപണവിധേയനായ അർജുനെ ക്രൈംബ്രാഞ്ചിന് വിശമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

ലോക്കൽ പൊലീസിന് ഇയാൾ ആദ്യം നൽകിയ മൊഴികളിൽ ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അപകടസമയത്ത് കാറിലുണ്ടായിരുന്ന ലക്ഷ്മിയും അപകടസ്ഥലത്ത് ആദ്യം ഓടിയെത്തിയ സമീപവാസിയും ബാലഭാസ്കർ പിൻസീറ്റിലായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ഊർജിതമാക്കിയത്.

അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ തൃശൂരിലെ ക്ഷേത്രത്തിലും താമസിച്ച ലോഡ്ജുകളിലും എത്തിയ അന്വേഷണ സംഘം ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു. ലോഡ്ജിലും ക്ഷേത്രത്തിലും എത്തുമ്പോഴും തിരികെ പോരുമ്പോഴും അർ‌ജുനാണ് വാഹനം ഓടിച്ചതെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കർ ലോഡ്ജിൽ രാത്രി തങ്ങാൻ തീരുമാനിച്ചിരുന്നതായും പെട്ടെന്ന് റൂം വെക്കേറ്ര് ചെയ്ത് തിരികെ പോരുന്നതായുമുള്ള ആരോപണം ലോഡ്ജ് ജീവനക്കാർ നിഷേധിച്ചു. പകൽ മാത്രം തങ്ങാനാണ് റൂം ബുക്ക് ചെയ്തിരുന്നതെന്നും പകൽ സമയത്തെ വാടക മാത്രമേ ബാലഭാസ്കറിൽ നിന്ന് ഈടാക്കിയിരുന്നുള്ളുവെന്നും അവർ വെളിപ്പെടുത്തി. പാലക്കാട്ടെ ഡോക്ടറുമായും സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന വിഷ്ണുവുമായും ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും സ്ഥിരീകരിച്ചു. ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെയും ഇന്ന് ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.