തൃശൂർ: നാളെ രാവിലെ ഗുരുവായൂരെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി താമരപ്പൂവുകൾ കൊണ്ട് തുലാഭാരം നടത്തും. തുലഭാരത്തിനായി നാഗർ കോവിലിൽ നിന്ന് 112 കിലോ പൂവ് എത്തിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. 112കിലോയിൽ നിന്ന് തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കൾ ഉപയോഗിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.ബി മോഹൻദാസ് പറഞ്ഞു.
2008ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുരുവായൂരിലെത്തിയപ്പോൾ കദളിപ്പഴം കൊണ്ടും, താമരപ്പൂക്കൾ കൊണ്ടും തുലാഭാരം നടത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനായി ഇന്ന് രാത്രി 11.35ന് അദ്ദേഹം കൊച്ചിയിലെത്തും. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ തങ്ങും. ശേഷം നാളെ രാവിലെ 10.15 ക്ഷേത്ര ദർശനം നടത്തും.11 മണിക്ക് ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ പാർട്ടി പൊതു യോഗത്തിൽ പങ്കെടുക്കും. 12.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രണ്ടു മണിയോടെ മടങ്ങിപ്പോകും.