bjp

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റ് ലഭിക്കാനാവാത്ത നിരാശ ഉപതിരഞ്ഞെടുപ്പ് മത്സരത്തിലൂടെ മറികടക്കാനൊരുങ്ങി ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് മത്സരം നടക്കുന്ന ആറ് മണ്ഡലങ്ങളിൽ തിരുവനന്തപുരം, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിൽ ശക്തമായ വേരോട്ടമാണ് ഉള്ളതെന്ന് പാർട്ടി വിലയിരുത്തുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെന്ന പോലെ തലസ്ഥാന ജില്ലയിലാണ് ബി.ജെ.പിയുടെ കണ്ണുമുഴുവനും കേന്ദ്രീകരിക്കുന്നത്. ഇവിടെ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലെ അംഗബലം ഒന്നിൽ നിന്നും വർദ്ധിപ്പിക്കുവാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. വട്ടിയൂർക്കാവിലെ എം.എൽ.എയായിരുന്ന കെ.മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച് എ.പിയായതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ വീണ്ടും മത്സരിക്കുമെന്നാണ് ബി.ജെ.പി നേതാക്കളടക്കം പ്രതീക്ഷ വയ്ക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും കുമ്മനമായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായത്. 2016ൽ ഏഴായിരത്തിൽപ്പരം വോട്ടുകൾക്കാണ് മുരളീധരൻ കുമ്മനത്തെ പരാജയപ്പെടുത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പിലും വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ശശി തരൂരാണ് ലീഡ് ചെയ്തത്. എന്നാൽ വോട്ടിംഗ് നിലയിൽ മുൻപുള്ളതിനോടടുത്ത് സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് നേട്ടമായി ബി.ജെ.പി കാണുന്നുണ്ട്. അതേ സമയം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ കുമ്മനം തയ്യാറാവുമോ എന്ന ആശങ്കയും പാർട്ടി നേതാക്കൾക്കിടയിലുണ്ട്. കുമ്മനം മത്സരിച്ചില്ലെങ്കിൽ കെ.സുരേന്ദ്രൻ, പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയ മുതിർന്ന നേതാക്കളിലേക്ക് സ്ഥാനാർത്ഥി പട്ടിക നീളുവാനാണ് സാദ്ധ്യത. നായർ സമുദായത്തിന് മേൽക്കൈയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ആർ.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായങ്ങളും പാർട്ടിക്ക് സ്വീകരിക്കേണ്ടി വരും.

അതേ സമയം വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ഭയക്കുന്ന ഒരു ഘടകം ക്രോസ് വോട്ടിംഗാണ്. ബി.ജെ.പിയുടെ പരാജയം ഉറപ്പിക്കുവാനായി എതിരാളികൾ ഒന്നാവുമെന്ന ഭയമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായ സി.ദിവാകരന് കിട്ടിയത് 29, 414 വോട്ടുമാത്രമാണ്, അതേ സമയം 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ സീമ 40,441 വോട്ടുകൾ നേടിയിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും ഇപ്പോഴത്തെ ഗണ്യമായ വോട്ട് ചോർച്ച ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് അനുകൂലമാവുമെന്ന് ഭയം ബി.ജെ.പിക്കുണ്ട്.