kejriwal

ന്യൂഡൽഹി: മെട്രോ ട്രെയിനിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ വിമർശിച്ച് കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരി. കേജ്‌രിവാൾ സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാനയം ഒട്ടും പ്രായോഗികമല്ലെന്നും, ഇത് നടപ്പാക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നുമാണ് പുരി പറഞ്ഞത്. എന്നാൽ തങ്ങൾ ഇത് നടപ്പിലാക്കി കാണിച്ചുതരാം എന്നാണ് ആം ആദ്മി തിരിച്ചടിച്ചത്. ഈ വിഷയത്തോടെ കേന്ദ്രവും ഡൽഹി സർക്കാരും തമ്മിലുള്ള പോര് വീണ്ടും ആരംഭിക്കുകയാണ് എന്നാണ് കരുതപ്പെടുന്നത്. ദിവസവും സംസ്ഥാനത്തെ ബസുകളിൽ യാത്ര ചെയ്യുന്ന 4 ലക്ഷം ജനങ്ങളിൾ 30 ശതമാനവും സ്ത്രീകളാണ്.

'സൗജന്യമായി യാത്ര ചെയ്യുകയാണെങ്കിൽ അതിനനുസരിച്ച് വാഹനങ്ങൾ വേണം. 11,000 വാഹനങ്ങൾക്ക് വേണ്ടിയുള്ള കരാർ ആയിട്ടുണ്ട്. എന്നാൽ ഇതിൽ എത്ര വാഹനങ്ങൾ നിരത്തിലിറങ്ങി? ഡൽഹി ഭരണകൂടത്തിന് ഇപ്പോൾ 50,000 കോടി രൂപയുടെ ബഡ്ജറ്റാണ് ഉള്ളത്. ഇത് സ്വച്ച് ഭാരതോ, ആയുഷ്മാൻ ഭാരതോ, പോലുള്ള പദ്ധതികൾക്ക് ഉപയോഗിക്കാതെ സബ്‌സിഡിയായി കൊടുക്കുകയാണ് അവർ. ബി.ജെ.പി. സർക്കാർ സ്ത്രീകൾക്ക് അനുകൂലമായി തന്നെയാണ് ചിന്തിക്കുന്നത്. പക്ഷെ, കാര്യങ്ങൾ വേണ്ടവിധം നിശ്ചയിച്ചുറപ്പിക്കാതെ പദ്ധതികൾ പ്രഖ്യാപിക്കാൻ പാടില്ല. ഞാൻ കേജ്‌രിവാളുമായി ഈ കാര്യം ചർച്ച ചെയ്തുവരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച് പത്രസമ്മേളനം നടത്തും.' ഡൽഹി മെട്രോയുടെ കൂടി ചുമതലയുള്ള ഹർദീപ് പുരി പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ അഭിപ്രായം താൻ ശ്രദ്ധിച്ചുവെന്നും, പദ്ധതി നടപ്പിൽ വരുത്താൻ ആവശ്യമായ പണം ഡൽഹി സർക്കാരിന്റെ കൈവശം ഉണ്ടെന്ന് താൻ ഉറപ്പ് നൽകാമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. തങ്ങൾ ഇതിനായി വിശദമായ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇത് വളരെ മികച്ച രീതിയിൽ നടപ്പിൽ വരുത്തും. കേന്ദ്രമന്ത്രിയുടെ അനുഗ്രഹം ഇക്കാര്യത്തിൽ ഞങ്ങൾക്ക് വേണം. അദ്ദേഹം സന്തോഷവാനായിരിക്കണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ശിശോദിയ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഡൽഹി സർക്കാരിന്റെ ബഡ്ജറ്റ് മുപ്പത്തിനായിരത്തിൽ നിന്നും അറുപതിനായിരം രൂപയിൽ എത്തിയിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കികൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിജ്ഞാപനം വരുന്നത്. ബസുകളിലും ഡൽഹി മെട്രോയിലുമാണ് പ്രധാനമായും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകുക. പ്രഖ്യാപനം വന്നയുടൻ തന്നെ പദ്ധതി പ്രവർത്തികമല്ലെന്നും, പുരുഷന്മാർക്കെതിരെയുള്ള വിവേചനമാണിതെന്നും വിമർശനം ഉയർന്നിരുന്നു.