ഭോപ്പാൽ: മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരൻ മരിച്ചു. ലഖാൻ സിൻഗാർ ആണ് മരിച്ചത്. മദ്ധ്യപ്രദേശിലെ ദാർ ജില്ലയിലെ മജ്റെ ബർലിപാറ ഗ്രാമത്തിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ലഖാൻ സിൻഗാർ മൊബൈൽ ഫോണിൽ നിന്ന് ബാറ്ററി അഴിച്ച് പ്രത്യേക ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴായിരുന്നു അപകടം.
പൊട്ടിത്തെറിയിൽ കുട്ടിയുടെ മുഖവും ശരീരവുമൊക്കെ വികൃതമായി. ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടം നടന്ന മുറി സീൽ ചെയ്തെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭോപ്പാലിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ദാർ ജില്ല സ്ഥിതിചെയ്യുന്നത്.