ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ ആണെന്ന പരാമർശത്തിൽ നൽകിയ മാനനഷ്‌ടക്കേസിൽ ശശി തരൂർ എം.പിക്ക് കോടതി ജാമ്യം അനുവദിച്ചു. തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ നൽകിയ ക്രിമിനൽ മാനനഷ്‌ടക്കേസിലാണ് കോടതിയുടെ നടപടി.
2018 ഒക്‌ടോബറിൽ ബംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെയാണ് തരൂർ വിവാദ പ്രസ്‌താവന നടത്തിയത്. പണ്ടൊരിക്കൽ മോദിയെ പേര് വെളിപ്പെടുത്താത്ത ആർ.എസ്.എസ് നേതാവ് ശിവലിംഗത്തിലെ തേൾ എന്ന് വിശേഷിപ്പിച്ചതായി തരൂർ പറഞ്ഞതാണ് വിവാദമായത്. 'മോദിയെക്കുറിച്ച് ഒരു ആർ.എസ്.എസ് നേതാവ് പത്രക്കാരോട് പറഞ്ഞ വാക്കുകൾ അതിമനോഹരമായിരുന്നു. ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനെ കൈ കൊണ്ട് എടുത്ത് കളയാനും കഴിയില്ല, ചെരുപ്പ് കൊണ്ട് അടിച്ച് കൊല്ലാനും കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ വാക്കുകൾ. സംഗതി വിവാദമായതോടെ ഇക്കാര്യത്തിൽ വിശദീകരണം നടത്താനും തരൂർ തയ്യാറായി. ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനെ കൈ ഉപയോഗിച്ച് എടുത്ത് കളയാൻ ശ്രമിച്ചാൽ നിങ്ങൾക്ക് മാരകമായി കടിയേൽക്കുമെന്ന് ഉറപ്പാണ്. ഇനി ചെരുപ്പ് കൊണ്ട് അടിച്ച് കൊല്ലാമെന്ന് വിചാരിച്ചാൽ പരിശുദ്ധമായ ശിവലിംഗത്തിൽ അടിക്കേണ്ടിയും വരുമെന്നും ആർ.എസ്.എസ് നേതാവ് കാരവൻ മാഗസിനിൽ എഴുതിയതായി തരൂർ വിശദീകരിച്ചു.
എന്നാൽ തരൂരിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് രാജീവ് ബബ്ബർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. ശിവ ഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന രീതിയിലാണ് തരൂരിന്റെ പ്രസ്‌താവനയെന്നും ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും ബബ്ബർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് പരിഗണിച്ച കോടതി തരൂരിന് ജാമ്യം അനുവദിച്ചു. കേസ് ജൂലായ് 25ന് പരിഗണിക്കും.