mobile

ടെലിവിഷന്റെ നല്ലകാലത്തിന് അവസാനമാവുന്നു. ടെക്‌നോളജിയുടെ മുന്നേറ്റങ്ങളുമായി നിരവധി തലമുറകൾ മാറി മാറി വന്നിട്ടും കാഴ്ചയുടെ ലോകത്തെ എക്കാലത്തെയും അധിപൻ ടെലിവിഷൻ തന്നെയായിരുന്നു. നിരവധി പരീക്ഷണങ്ങളിലൂടെ ബ്ളാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ നിന്നും കളറായിമാറിയ ടെലിവിഷൻ സെറ്റിനെയാണ് ലോകമാകമാനം ആസ്വാദനത്തിന്റെ, സന്തോഷത്തിന്റെയും മറ്റൊരു വാക്കായി ലോകം പരിഗണിച്ചിരുന്നത്. എന്നാൽ കൈയ്യിൽ കൊണ്ട് നടക്കാവുന്ന ഇത്തിരി കുഞ്ഞൻ സ്മാർട് ഫോണുകളാണ് ടെലിവിഷന് ഭീഷണിയായി മാറുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


അമേരിക്കയിലെ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനപ്രകാരം അമേരിക്കക്കാരനായ ഒരാൾ ഒരു ദിവസത്തിൽ മൂന്ന് മണിക്കൂറും 35 മിനിട്ടാണ് ടെലിവിഷന് മുന്നിൽ ചെലവഴിക്കുന്നത്. അതേ സമയം മൊബൈൽ ഫോൺ സ്‌ക്രീനിൽ കാഴ്ചകൾ കാണുവാനായി ഒരാൾ മൂന്ന് മണിക്കൂർ 43 മിനിട്ടുകൾ ചെലവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ. കേവലം എട്ട് മിനുട്ടുകളുടെ മുന്നേറ്റമാണ് ടെലിവിഷനിൽ നിന്നും മൊബൈലിന് നേടാനായതെങ്കിലും മൊബൈലിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവിലെ വർദ്ധനവ് വേഗത്തിലുള്ളതാണെന്ന് മനസിലാക്കാനാവും. 2014 ഇതേ ഏജൻസി നടത്തിയ പഠനത്തിൽ അമേരിക്കക്കാർ മൊബൈലിൽ ചെലവഴിക്കുന്നതിനേക്കാൾ രണ്ട് മണിക്കൂർ അധികം സമയം ടെലിവിഷൻ കാണുവാനായി ഉപയോഗിച്ചിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ മൊബൈൽ ടെലിവിഷന് ഭീഷണിയാവുന്ന കാഴ്ചയാണ് കാണാനായത്.

mobile

ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള പരിപാടികൾ കാണാനാവും എന്നതാണ് സ്മാർട്ട് ഫോണുകളെ യുവാക്കൾക്കിടയിൽ സ്വീകാര്യമാക്കുന്നത്. ഇത് കൂടാതെ നെറ്റ്ഫ്ളിക്സ്,പ്രൈം വീഡിയോകൾ എന്നിവയും യുവാക്കളെ മൊബൈലിന്റെ സ്‌ക്രീനിൽ പിടിച്ചുനിർത്തുവാൻ കാരണമാവുന്നു. ഏതായാലും അടുത്ത വർഷങ്ങളിൽ ഈ വാർത്ത മൊബൈലിലൂടെ തന്നെ നമ്മുടെ രാജ്യത്തും വായിക്കാനായേക്കും 'ടെലിവിഷൻ മരിച്ചു മൊബൈൽ കൊന്നു'.