suicide

ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥിനികൾ ജീവനൊടുക്കി. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ള പതിനെട്ടുവയസുകാരിയായ എം മോനിഷയുടെ മൃതദേഹം വില്ലുപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രണ്ടാം തവണയും പരീക്ഷയിൽ ജയിക്കാൻ മോനിഷയ്ക്ക് സാധിച്ചില്ല. ഇത്തവണ വളരെ കുറഞ്ഞ മാ‌ർക്കാണ് മോനിഷയ്ക്ക് ലഭിച്ചതെന്ന് പൊലീസ് ഓഫീസർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈറോഡിലെ പ്രമുഖ സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ മോനിഷ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് ബുധനാഴ്ച വൈഷ്ണവി, റിതുശ്രീ എന്നീ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷ കടുപ്പമായിരുന്നതിനെതിരെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. അതേസമയം ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ തോറ്റ വിഷമത്തിൽ കുറഞ്ഞത് ആറ് വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടാകും. തമിഴ്നാട്ടിൽ ഒമ്പത് വർഷത്തേക്ക് നീറ്റ് നിരോധിച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിനെ എതിർത്തു. തുടരെത്തുടരെയുള്ള ഈ ആത്മഹത്യകൾ തമിഴ്നാട്ടിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഷയം തന്റെ പാർട്ടി പ്രതിനിധികൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും ഇതിനെ പിന്തുണച്ചിട്ടുണ്ട്.