balabhaskar-accident

തിരുവനന്തപുരം: അപകടമുണ്ടായ ദിവസം ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന വാഹനം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്നത് അമിത വേഗത്തിലെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ പുറത്ത്. രാത്രി 12 മണിയോടെ തൃശൂരിൽ നിന്നും തിരിച്ച വാഹനം 1.08ന് ചാലക്കുടിയിലെ മോട്ടോർ വാഹന വകുപ്പിന്റെ സ്പീഡ് ക്യാമറയിൽ കുടുങ്ങിയിരുന്നു. ഈ സമയത്ത് മണിക്കൂറിൽ 94 കിലോമീറ്റർ വേഗതയിലായിരുന്നു വാഹനം. പുലർച്ചെ 3.30ന് പള്ളിപ്പുറത്ത് വാഹനമെത്തിയെന്നും ആകെയുള്ള 231 കിലോമീറ്റർ ദൂരം 2.37 മണിക്കൂറുകൾ കൊണ്ട് പിന്നിട്ടതായും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്. അമിത വേഗതയിൽ വാഹനം ഓടിച്ച് മനപ്പൂർവം അപകടമുണ്ടാക്കിയോ എന്നും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ഇതിനായി തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കർ നടത്തിയ അവസാന യാത്ര പുനരാവിഷ്ക്കരിക്കാനും ക്രൈംബ്രാഞ്ച് ഒരുങ്ങുന്നുണ്ട്.

അതേസമയം, അപകടമുണ്ടായപ്പോൾ വാഹനം ഓടിച്ചിരുന്നെന്ന് കരുതുന്ന തൃശൂർ സ്വദേശി അർജുൻ കേരളം വിട്ട് അസാമിലേക്ക് മുങ്ങിയത് കേസിൽ വീണ്ടും ദുരൂഹത വർദ്ധിപ്പിച്ചു. തൃശൂരിൽ നിന്നും വാഹനം പുറപ്പെടുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണ്. കൊല്ലത്ത് ജ്യൂസ് കുടിക്കാനായി നിറുത്തിയപ്പോഴും അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ബാലഭാസ്‌കർ പുറകിൽ ഇരിക്കുന്നത് കണ്ടെന്നും സാക്ഷിമൊഴികളുണ്ട്. പക്ഷേ, അപകടമുണ്ടായപ്പോൾ താനല്ല ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നത്.

അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘവും എത്തിച്ചേർന്നിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാൾക്ക് പറ്റുന്ന തരത്തിലാണ് അർജുനേറ്റ പരിക്കുകൾ. എന്നാൽ ഇത്രയും മാരകമായ പരിക്കേറ്റയാൾ അന്വേഷണ സംഘത്തിനെ അറിയാക്കാതെ അസാമിലേക്ക് പോയതിൽ വൻ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആരോപിക്കുന്നത്. ഇതുമൂലം അർജുന്റെ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുടെ മകൻ ജിഷ്‌ണുവിന്റെ മൊഴി എടുക്കാനും ക്രൈബ്രാഞ്ച് സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഹിമാലയത്തിൽ യാത്ര പോയെന്നാണ് കുടുംബം നൽകിയിരിക്കുന്ന മൊഴി.