vodafone

ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി പുത്തൻ പ്ലാനുമായി വൊഡാഫോൺ. 599 രൂപയാണ് പുതിയ പ്രീപെയ്ഡ് പ്ലാനിനായി ചിലവാകുക. 180 ദിവസം നീണ്ടു നിൽക്കുന്ന പ്ലാനിലൂടെ, 6 ജി.ബിയുടെ 4ജി/3ജി.ബി ഡാറ്റയാണ് ദിവസവും ഉപഭോക്താക്കൾക്ക് ലഭിച്ചത്. ഇത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളും, 1800 എസ്.എം.എസും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സൗജന്യ ടെലിവിഷൻ സേവനവും സിനിമ കാണാനുള്ള സൗകര്യവും വോഡാഫോൺ ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ, വോഡാഫോണിന്റെ ആപ്പ് സ്റ്റോറായ വോഡാഫോൺ പ്ലേ ആപ്പിലേക്കും ഉപഭോക്താക്കൾക്ക് ഈ ഓഫർ വഴി സൗജന്യമായി പ്രവേശിക്കാം. മുൻപ്, ഇതേപോലെ 299ന്റെ പ്രീപെയ്ഡ് പ്ലാനും വോഡാഫോൺ പുറത്തിറക്കിയിരുന്നു. ഈ പ്ലാൻ അനുസരിച്ച് 70 ദിവസത്തേക്ക് 3ജി.ബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുമാണ് ലഭിച്ചിരുന്നത്.

ഈ ഓഫർ വഴി തങ്ങളുടെ പ്രധാന എതിരാളികളായ റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ വമ്പന്മാരിൽ നിന്നുമുള്ള ഭീഷണിയെ നേരിടാനാണ് വോഡാഫോൺ ലക്ഷ്യമിടുന്നത്. നിലവിൽ അസം, ചെന്നൈ, ആന്ധ്രാ പ്രദേശ്, ഡൽഹി, മുംബയ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഓഫർ ലഭിക്കുക. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ എപ്പോഴാണ് ഈ ഓഫർ എത്തുകയെന്ന് വോഡാഫോൺ വ്യക്തമാക്കിയിട്ടില്ല. പ്രധാനമായും ഇതേ സേവനങ്ങൾ നൽകുന്ന എയർടെല്ലിന്റെ 597 പ്ലാനിനെ തകർക്കാനാണ് വോഡാഫോണിന്റെ ശ്രമം.