balabhaskar

കൊല്ലം: വിഖ്യാത വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ വൻ വെളിപ്പെടുത്തലുമായി കൊല്ലത്തെ ജ്യൂസ് കടയുടമ. തന്റെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോർഡിനേറ്ററുമായ പ്രകാശ് തമ്പി ശേഖരിച്ചുവെന്നാണ് കടയുടമ ഷംനാദിന്റെ വെളിപ്പെടുത്തൽ. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ബാലഭാസ്‌കർ കൊല്ലം പള്ളിമുക്കിലെ ഷംനാദിന്റെ കടയിൽ നിന്നാണ് ജ്യൂസ് കുടിച്ചത്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രകാശ് തമ്പി കടയിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്. കടയിലെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കാണ് ഇയാൾ എടുത്തുകൊണ്ട് പോയത്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നില്ലെന്നും കടയുടമ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്‌ണന് നൽകിയ മൊഴിയിൽ പറയുന്നു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ പ്രകാശ് തമ്പി നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അതേസമയം,ഹാർഡ് ഡിസ്‌കിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാനായാൽ കേസിലെ വൻ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. തൃശൂരിൽ നിന്നും തിരിച്ച വാഹനം ഓടിച്ചിരുന്നത് അ‌ർജുൻ ആണെന്ന് വ്യക്തമായിരുന്നു. എന്നാൽ കൊല്ലത്ത് നിന്നും ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുന്റെ മൊഴി. ആരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ ഉപകരിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.