അമരാവതി: ചരിത്രം കുറിച്ച് ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നും ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്. ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഢി. വെള്ളിയാഴ്ച രാവിലെ അമരാവതിയിലെ ജഗൻ മോഹൻ റെഡ്ഢിയുടെ വസതിയിൽ വച്ച് നടന്ന വൈ.എസ്.ആർ.സി എം.എൽ.എമാരുടെ യോഗത്തിൽ വച്ചാണ് ഈ തീരുമാനം വന്നത്. ഇന്ന് നടക്കുന്ന പൊതുചടങ്ങിൽ വച്ച് പുതിയ മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പട്ടിക ജാതി, പട്ടിക വർഗം, ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗം, ആന്ധ്രയിലെ കാപ്പു വിഭാഗം, എന്നിവരിൽ നിന്നും ഓരോ ആൾക്കാരെയാണ് ജഗൻ മോഹൻ ഉപമുഖ്യമന്ത്രിമാരായി തീരുമാനിച്ചത്. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുമുള്ളവരാകും തന്റെ മന്ത്രിസഭയിൽ ഭൂരിഭാഗം പേരുമെന്നും ജഗൻ മോഹൻ എം.എൽ.എമാരോട് വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രയിലെ രാഷ്ട്രീയ രംഗത്ത് ഈ തീരുമാനം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. റെഡ്ഢി വിഭാഗത്തിനാണ് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കുക എന്നാണ് ഇതുവരെ കരുതിപ്പോന്നത്.
മാത്രമല്ല, അധികാരത്തിലേറി രണ്ടര വർഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗൻ മോഹൻ വ്യക്തമാക്കി. മന്ത്രിസഭയുടെ അതുവരെയുള്ള പ്രകടനം വിലയിരുത്തിയാകും പുനഃസംഘടന നടത്തുക. ജഗൻ മോഹന്റെ വിപ്ലവകരമായ ഈ തീരുമാനത്തെ, ദുർബല വിഭാഗങ്ങളെ സന്തോഷിപിച്ച് നിർത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.