muraleedharan

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അടിക്കാരത്തിലേറിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് വിദേശകാര്യ വകുപ്പിന്റെ പ്രവർത്തനമാണെന്നും, ലോകത്തിന്റെ മുൻപിൽ ഇന്ത്യയുടെ സ്ഥാനം അത് ഉയർത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അങ്ങേയറ്റം ശ്ളാഘനീയമായ പ്രവർത്തനം കാഴ്ചവച്ച സുഷമ സ്വരാജിന്റെ കീഴിലുണ്ടായിരുന്ന വകുപ്പിന്റെ പ്രവർത്തനം അതുപോലെ തുടർന്ന് കൊണ്ടുപോകാൻ ശ്രമിക്കണമെന്നും അദ്ദേഹത്തിനോട് പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ലോകത്തിന് മുൻപിൽ ഇന്ത്യയുടെ യശസ് ഉയർത്തിയെന്നും മോദി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.

ദുബായിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ താൻ ആരംഭിച്ചതായും മുരളീധരൻ പറഞ്ഞു. പരിക്കേറ്റവരുടെ വിവരങ്ങൾ അറിയിക്കാനായി ദുബായിൽ കണ്ട്രോൾ റൂം തുറന്നു. വിദേശത്ത്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വച്ച് മരണപ്പെട്ടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും വേണ്ട നടപടികൾ വിദേശകാര്യ വകുപ്പ് സ്വീകരിക്കും. മൃതദേഹത്തിന്റെ തൂക്കം നോക്കി ഇതിന്റെ ഇതിനുള്ള കൂലി ഈടാക്കുന്ന സംവിധാനവും അവസാനിപ്പിക്കും. ഇതിന് പരിഹാരം നിശ്ചയിക്കാനും വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഉത്സവകാലങ്ങളിൽ വിമാനക്കൂലികൾ ക്രമാതീതമായി വർധിക്കുന്നതിന് പരിഹാരം കാണാൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുമായി താൻ കൂടിക്കാഴ്ച നടത്തിയതായും മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം പ്രവാസികൾക്കായി ഹെൽപ്പ്ലൈൻ ആരംഭിച്ചിട്ടുണ്ട്. 00971565463903 എന്നതാണ് നമ്പർ.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനുമായി താൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയെന്നും നിപ രോഗബാധയെ കുറിച്ച് തങ്ങൾ ചർച്ച ചെയ്തുവെന്നും കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിപയുടെ കാര്യത്തിൽ ആശങ്കപ്പെണ്ട ഒരു സ്ഥിതിവിശേഷം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിപ ബാധിച്ചവരുടെയും അവരുമായി ഇടപെട്ടവരെയും കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശം ഉണ്ട്. നിപ പടർന്നുപിടിക്കാൻ സാധ്യതയില്ലെന്നാണ് കേന്ദ്രം ഇപ്പോൾ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി മുരളീധരൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം പാർലമെന്റിൽ ഇടക്കാല ബഡ്ജറ്റ് മാത്രമാണ് അവതരിപ്പിച്ചതെന്നും പൂർണ ബഡ്ജറ്റ് ജൂലായ് അഞ്ചിന് അവതരിപ്പിക്കും. 40 ദിവസം നീണ്ട് നിൽക്കുന്ന ബഡ്ജറ്റ് സമ്മേളനമാണ് നടക്കുക. 20ന് പാർലമെന്റ് സംയുക്ത സമ്മേളനം നടക്കുമെന്നും ആ ദിവസം പാർലമെന്റിനെ അഭിമുഖീകരിച്ച് രാഷ്ട്രപതി സംസാരിക്കുമെന്നും മുരളീധരൻ പറഞ്ഞു. 17,18 തീയതികളിൽ എം.പിമാരുടെ സത്യപ്രതിഞ്ജയും, 20ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കും.