my-great-grandfather-revi

കുടുംബ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥ തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ജയറാം ചിത്രങ്ങൾ നിരവധിയാണ്. അനീഷ് അൻവർ സംവിധാനം ചെയ്ത് ജയറാം നായകനാകുന്ന 'മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ' സമാനമായ പശ്ചാത്തലമുള്ള സിനിമയാണ്. പഴയ വീഞ്ഞ് ആണെങ്കിൽ കൂടി പുതിയ കുപ്പിയിലാക്കി നന്നായി അവതരിപ്പിക്കാനുള്ള ശ്രമം.

my-great-grandfather-revi

നമ്മൾ ഊഹിച്ച കഥ തന്നെ

രണ്ട് ഉറ്റ സുഹൃത്തുക്കൾ- മൈക്കിളും ശിവനും. എല്ലാ പ്രശ്നങ്ങളിലും പരസ്പരം സഹായിക്കാനും രക്ഷിക്കാനും ഇരുവരും ഉണ്ടാകും. ശിവന് മൈക്കിളിനെ പോലെ പ്രിയമായ മറ്റു സുഹൃത്തുക്കളുണ്ട്. മൈക്കിളിനെ പോലെയല്ല, നിരന്തരം ശിവനെ പ്രശ്നങ്ങളിൽ ചാടിക്കുന്നവർ, വഴി തെറ്റിക്കുന്നവർ. അവരോടുള്ള സൗഹൃദം വിനയാകുമ്പോഴോക്കെ മൈക്കിൾ ശിവനെ ഉപദേശിക്കാറുണ്ട്, ഫലം ഒന്നും ഉണ്ടാകാറില്ല എന്ന് മാത്രം. ശിവന്റെ വികലാംഗയായ പെങ്ങൾക്ക് വരുന്ന വിവാഹാലോചനകൾ ആങ്ങളയുടെ സ്വഭാവ സവിശേഷത കൊണ്ട് തെന്നിമാറി പോകുമോ എന്ന ആധിയിലാണ് വീട്ടുകാർ. ഒടുവിൽ പേടിച്ചത് പോലെ തന്നെ സംഭവിക്കുന്നു. മൈക്കിളും ശിവന്റെ മറ്റു സുഹൃത്തുക്കളിൽ ചിലരുമായി ഏറെ നാളായി നിലനിന്നിരുന്ന മുറുമുറുപ്പ് നാട്ടിലെ പള്ളി പെരുന്നാളിന്റെ അന്ന് വലിയ ഒരു കൈയ്യാങ്കളിയിൽ കലാശിക്കുന്നു. ഉറ്റസുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുന്നു. പള്ളിപെരുന്നാളിന്റെ അന്ന് തല്ലുണ്ടാക്കിയ വർഗീയ വാദി എന്ന പേര് കൂടി ശിവനും ലഭിക്കുന്നു, തുടർന്ന് അയാളുടെ പെങ്ങളുടെ വിവാഹം മുടങ്ങുന്നു. ആകെ തകർ‌ന്നുപോയ ശിവൻ നാട് വിടുന്നു, പെങ്ങളുടെ വിവാഹം മുടങ്ങാനിടയാക്കിയ സുഹൃത്തിനോടുള്ള ദേഷ്യവും മനസിൽ പേറി. സൗഹൃദത്തിന്റെ കഥ പറഞ്ഞു തുടങ്ങിയ സിനിമ മദ്ധ്യ ഭാഗത്തേക്ക് അടുക്കുമ്പോൾ ട്രാക്ക് മാറി ഒരു ഫാമിലി ഡ്രാമയാകുന്നു. ഇതിനിടയിൽ വർഗിയതയ്ക്ക് കേരള സമൂഹത്തിൽ സ്ഥാനമില്ലായെന്ന് ചെറിയ രീതിയിൽ പറഞ്ഞു പോകുന്നുണ്ട്. നാൽപത് കഴിഞ്ഞ മൈക്കിൾ ഒരു ചെറുപ്പക്കാരിയെ വിവാഹം ചെയ്യാനിരിക്കെയാണ് അയാളുടെ മകളാണെന്ന അവകാശവാദത്തോടെ എത്തുന്ന പെൺകുട്ടിയും അവളുടെ അഞ്ച് വയസുകാരൻ മകന്റെയും കടന്നുവരവ്. ഇതിന്റെ സസ്പെൻസ് ബാക്കിയാക്കി ആദ്യ പകുതി അവസാനിക്കുന്നു.

my-great-grandfather-revi

മൈക്കിളിന്റെ യൗവനത്തിലെ പ്രണയവും അത് വരുത്തുന്ന പുലിവാലും രസകരമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിന്റെ രണ്ടാം പകുതി. അത്യധികം പ്രവചനീയമായ തരത്തിൽ നീങ്ങുന്ന ചിത്രത്തിൽ ആശ്വാസമാകുന്നത് ധർമ്മജൻ ബോൾഗാട്ടിയുടെ കഥാപാത്രത്തിന്റെ ചില കോമഡി നമ്പറുകളാണ്. എന്നാൽ അധികവും ഏശാതെ പോകുന്നതും കേട്ട് പഴകിയതുമായ തമാശകളാണ്. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഘടകങ്ങൾ എന്ന സന്ദേശം നൽകി ഒടുവിൽ ഒരു ട്വിസ്റ്റോടെ സിനിമയവസാനിക്കുന്നു.

my-great-grandfather-revi

മലയാളികൾ ഹിറ്റാക്കിയ ജയറാം കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ഒന്നാണ് മൈക്കിൾ. നിലവാരം കൊണ്ട് ആ ഗണത്തിൽ പെടുത്താനാകില്ലെങ്കിലും ജയറാം തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു. ബാബുരാജാണ് കഥയിലെ രണ്ടാമൻ എങ്കിലും പ്രേക്ഷകരെ കൂടുതൽ രസിപ്പിക്കുന്നത് ധർമ്മജന്റെ കഥാപാത്രമാണ്. നായികാപ്രാധാന്യമുള്ള തന്റെ കഥാപാത്രം സുരഭി സന്തോഷ് നന്നാക്കി. ജോണി ആന്റണി, വിജയരാഘവൻ, സലിം കുമാർ, രമേഷ് പിഷാരടി തുടങ്ങിയ മറ്റു നടന്മാർ അവരവരുടെ റോളുകൾ നല്ല രീതിയിൽ അവതരിപ്പിച്ചു.

ഹസീബ് ഹനീഫ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനീഷ് അൻവറാണ്. ഏറെ നാളായി സിനിമയിലെ സാന്നിദ്ധ്യമായ അനീഷ് തന്റെ ചിത്രമായ 'സക്കറിയയുടെ ഗർഭിണികളി'ലൂടെയാണ് ശ്രദ്ദേയനായത്. ആദ്യമായാണ് ഒരു മുഴുനീള കോമഡി ചിത്രം അദ്ദേഹം ചെയ്യുന്നത്. ക്ളിഷേകൾ നിറഞ്ഞ ചിത്രത്തിൽ നല്ല തമാശകളും കുറവാണ്. ഒരു കുടുംബചിത്രം എന്ന നിലയിൽ ഗ്രേറ്റ് ഗ്രാന്റ് ഫാദറെ കണ്ടിരിക്കാം.

വാൽക്കഷണം: ടൈംപാസിന് ബെസ്‌റ്റാ

റേറ്റിംഗ്: 2/5