കല്പറ്റ: ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരെ നേരിൽകണ്ട് നന്ദിയറിയിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി കേരളത്തിലെത്തി. ഇന്ന് ഉച്ചയോടെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരിച്ചു. കെ.സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുലിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
കരിപ്പൂരിൽ നിന്ന് നേരെ നിലമ്പൂർ കാളികാവിലേക്ക് പോകുന്ന രാഹുൽഗാന്ധി വൈകിട്ട് മൂന്ന് മണിക്ക് കാളികാവ്, 4.30ന് നിലമ്പൂർ, 5.30ന് എടവണ്ണ, 6.30ന് അരീക്കോട് എന്നിവിടങ്ങളിൽ വോട്ടർമാരെ കാണും. തുടർന്ന് റോഡ് വഴി വയനാടിലേക്ക് തിരിക്കും. കല്പറ്റ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10ന് വയനാട് കളക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കും. തുടർന്ന് 11ന് കല്പറ്റ ടൗൺ, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, രണ്ടിന് മാനന്തവാടി, മൂന്നിന് പുൽപ്പള്ളി, നാലിന് സുൽത്താൻബത്തേരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി കല്പറ്റ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. ഞായറാഴ്ച രാവിലെ 11ന് ഈങ്ങാപ്പുഴ, 11.30ന് മുക്കം എന്നിവിടങ്ങളിലെത്തിയ ശേഷം കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് അദ്ദേഹം മടങ്ങും.
അതേസമയം, പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന നിലപാടിൽ തുടരുന്ന രാഹുൽ അതേക്കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ഉറ്റുനോക്കുകയാണ് നേതാക്കൾ. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ രാഹുൽ താത്പര്യം പ്രകടിപ്പിച്ചത്. ഇതേക്കുറിച്ച് കേരള നേതാക്കളും രാഹുലിനോട് ചർച്ച നടത്താൻ ഇടയുണ്ട്.