murder

വട്ടപ്പാറ: പന്നിയോട് സുശീലയെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയെന്ന് പ്രതികളുടെ കുറ്റസമ്മതം. വട്ടപ്പാറ ഒഴുകുപാറ പന്നിയോട് സുശീല ഭവനിൽ സുശീലയെ (62) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ മുഖ്യപ്രതി വട്ടപ്പാറ പന്നിയോട് സ്വദേശി സാജനെ (40) ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്. പലിശ ഇടപാടുകാരിയായ സുശീലയുടെ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് സാജൻ രണ്ട് സുഹൃത്തുക്കളെയും കൂട്ടി കവർച്ചയ്‌ക്കെത്തിയത്. എന്നാൽ ഉദ്ദേശിച്ചത്ര പണം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഇവരുടെ ശരീരത്തും വീട്ടിലുമുണ്ടായിരുന്ന ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു.സുശീലയുടെ 12 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. രാത്രിയിൽ കവർച്ചയ്ക്കിടെ ഉറക്കമുണർന്ന് ബഹളമുണ്ടാക്കിയ സുശീല തങ്ങളെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയതോടെയാണ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ 9 നായിരുന്നു സംഭവം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനായി വീട്ടിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടും പിറകിലെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. പ്രൊഫഷണൽ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കത്തക്ക സാഹചര്യങ്ങൾ സൃഷ്ടിച്ചശേഷമാണ് സംഘം രക്ഷപ്പെട്ടത്.

കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടും ലോക്കൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്തിൽ നടന്ന അന്വേഷണത്തിലാണ് ആട്ടോറിക്ഷ ഡ്രൈവറായ സാജനും കൂട്ടാളികളായ രണ്ടുപേരും വലയിലായത്.

സുശീലയിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങൾ ചാലയിലെ ജുവലറിയിൽ വിറ്റ് ഒന്നര ലക്ഷം രൂപ വിലയുള്ള ടൂ വീലർ വാങ്ങിയിരുന്നു.ബാക്കി പണം തുല്യമായി വീതിച്ചെടുക്കുകയായിരുന്നു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകന്നേരത്തോടെ ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കും.