തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റുകൾക്ക് പിന്നാലെ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മരണത്തിലും ദുരൂഹതകൾ ഏറുകയാണ്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗത്തിലായിരിക്കുകയാണ് ഇപ്പോൾ. അന്നും ഇന്നും ദുരൂഹമായി തുടരുന്നത് അപകടം നടന്ന സമയത്ത് ആര് കാറോടിച്ചു എന്നാണ്. ഡ്രൈവർ അർജുൻ പറഞ്ഞത് വണ്ടി ബാലഭാസ്കറാണ് ഓടിച്ചതെന്നാണ്. എന്നാൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇത് നിഷേധിച്ചിരുന്നു. അപകടസമയത്ത് വണ്ടി ഓടിച്ചത് അർജ്ജുനാണെന്ന് അന്നും ഇന്നും ലക്ഷ്മി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
അന്ന് അർജുൻ പറഞ്ഞത് ഇങ്ങനെ,
'കൊല്ലം വരെ ഞനാണ് വണ്ടി ഓടിച്ചത്. പിന്നെ ഒരു കടയിൽ ഷെയ്ക്ക് കഴിക്കാൻ കയറി. ശേഷം ക്ഷീണം കാരണം സീറ്റിൽ കിടന്ന് ഉറങ്ങി. അപ്പോൾ വണ്ടി ഓടിച്ചത് ബാലുച്ചേട്ടനാണ്. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത് ലക്ഷ്മി ചേച്ചി അറിഞ്ഞിരുന്നില്ല.'
എന്നാൽ അർജുനെയും പൂന്തോട്ടം ആശുപത്രി ഉടമയുടെ മകനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇരുവരും ഒളിവിൽപോയിരിക്കുകയാണ്. ഇത് മരണത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്. സാക്ഷികളും അർജുനാണ് വണ്ടിയോടിച്ചതെന്ന് പറഞ്ഞിരുന്നു. കൂടാതെ ഡ്രൈവിംഗ് സീറ്റിലുള്ള ഒരാൾക്ക് ഉണ്ടാകാവുന്ന പരിക്കുകളാണ് അർജുന് ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നുണ്ട്.
അന്ന് ബാലഭാസ്കർ ജ്യൂസ് കഴിക്കാനിറങ്ങിയ കടയുടമ ഷംനാദും അന്ന് പറഞ്ഞ മൊഴി മാറ്റിയിരിക്കുകയാണ്. നേരത്തേ പ്രകാശ് തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ വാങ്ങിയെന്നായിരുന്നു ഷംനാദ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇന്ന് പ്രകാശ് തമ്പിയെ അറിയില്ലെന്നാണ് ഷംനാദ് പറഞ്ഞിരിക്കുന്നത്. ഇതൊക്കെ സംഭവത്തിന്റെ ദുരൂഹത കൂട്ടുകയാണ്. 2018 സെപ്തംബർ 25നാണ് ക്ഷേത്രദർശനത്തിന് പോയി തിരിച്ച് വരുന്ന ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി സംഭവസ്ഥലത്തുവച്ചും ബാലഭാസ്കർ ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽവച്ചും മരണത്തിന് കീഴടങ്ങി.