nerkkannu

തിരുവനന്തപുരം: ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും വേരൂന്നിയ മയക്കു മരുന്ന് കടത്തു ശൃംഖലയുടെ മുഖ്യ ഇടത്താവളമായി കേരളം മാറുന്നു. ലഹരി മരുന്ന് തഴച്ചു വളരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇടപാടുകാർക്ക് മയക്കു മരുന്ന് കടത്തിനൽകുന്നതിനുള്ള മുഖ്യ കൈമാറ്റ കേന്ദ്രമാക്കി കേരളത്തെ ഉപയോഗപെടുത്തിത്തുടങ്ങിയെന്ന ഞെട്ടിക്കുന്ന വസ്തുത കണ്ടെത്തിയത് എക്‌സൈസ് ഇന്റലിജൻസ് വിഭാഗമാണ് . പതിനായിരങ്ങളിലും ലക്ഷങ്ങളിലും ഒതുങ്ങി നിന്നിരുന്ന, പലതവണയായി എക്‌സൈസിന്റെ വലയിലായ, ലഹരികടത്തു അടുത്തിടെ കോടികളുടെ മൂല്യത്തിലേക്കു പെട്ടന്ന് ഉയർന്നതിനെ പിന്തുടർന്ന് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

ഒറീസ, ജാർഖണ്ഡ്, രാജസ്ഥാൻ, ആന്ധ്ര, തെലുങ്കാന തുടങ്ങിയ ലഹരി മരുന്നിനു കുപ്രസിദ്ധമായ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചെക്ക്‌പോസ്റ്റുകൾ കടന്നെത്തുന്ന ലഹരി മരുന്ന് ഏറ്റെടുക്കാൻ ഇവിടെ പ്രത്യേക സംഘങ്ങളുണ്ട്. ഇവരാണ് ലഹരി മരുന്ന് ഗോവ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മലേഷ്യ, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നത്. ഇതിനു അവർ പ്രധാനമായും കരുവാക്കുന്നതു കൊറിയർ സർവീസുകളെയും ദുരിതാശ്വാസ ഇനത്തിൽ പെടുത്തി കയറ്റി അയക്കുന്ന ഉപയോഗിച്ച തുണിത്തരങ്ങളെയുമാണ്. കൊറിയർ സർവീസുകളെ കർശനമായി നിരീക്ഷിക്കണമെന്ന നിർദേശമാണ് എക്‌സൈസ് ഇന്റലിജൻസ് നൽകിയിരിക്കുന്നത്.

അന്താരാഷ്ട്ര അന്തർ സംസ്ഥാന മയക്കു മരുന്ന് കടത്തു ലോബി കേരളത്തെ ഇടത്താവളമാക്കിത്തുടങ്ങിയതായി എക്‌സൈസ് ഇന്റലിജൻസ് വിവരം കൈമാറിയിട്ടുണ്ടെന്നു എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങും വെളിപ്പെടുത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഹരി മരുന്ന് കേരളത്തിലേക്കെത്തിച്ചു ഇവിടെ നിന്നും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക എന്ന പുതിയ തന്ത്രമാണ് മയക്കുമരുന്ന് ലോബിയുടേത്. കോടികൾ മൂല്യമുള്ള മയക്കുമരുന്ന് കേരളത്തിനുള്ളിൽ വച്ച് പലപ്പോളായി പിടികൂടിയതോടെയാണ് അവർ കേരളത്തെ മുഖ്യ കടത്തു കേന്ദ്രമാക്കി ഉപയോഗിച്ച് തുടങ്ങിയതായി ഇന്റലിജൻസ് വിഭാഗം വിവരം നൽകിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. 'പല തരത്തിലും രൂപത്തിലുമാണിപ്പോൾ കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തുന്നത്. ചെക്ക് പോസ്റ്റ് കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുകയെന്നത് അപ്രായോഗികമാണ്. എങ്കിലും നിലവിൽ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. എക്‌സൈസ് ഇന്റലിജൻസും സ്‌പെഷ്യൽ സ്‌ക്വാഡുകളും നിതാന്ത ജാഗ്രതയിലാണ്. അത് കൊണ്ട് തന്നെയാണ് കേരളത്തിനുള്ളിൽ എത്തുന്ന കോടികളുടെ ലഹരി മരുന്നും കടത്തുകാരുമൊക്കെ എക്‌സൈസിന്റെ വലയിലാകുന്നത്. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നത് അസാധ്യമാണ്. പക്ഷെ അത് കേരളത്തിലേക്കെത്താതെ തടയുവാൻ നിതാന്ത ജാഗ്രത പുലർത്താൻ എക്‌സൈസ് സംവിധാനങ്ങൾക്ക് സാധിക്കും. ലോറികൾക്കുള്ളിൽ ദ്രവരൂപത്തിലുള്ള വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കുന്ന സ്‌കാനറുകൾ അടക്കം ഉടൻ തന്നെ ചെക് പോസ്റ്റുകളിൽ ഏർപ്പെടുത്തി സുരക്ഷാ ശക്തമാക്കും. ഇന്റലിജൻസ് വിഭാഗത്തെയും ശക്തിപെടുത്തിക്കഴിഞ്ഞു '. ഋഷിരാജ് സിംഗ് കൂട്ടിച്ചേർത്തു. മാസങ്ങൾക്കു മുമ്പ് പുനഃസംഘടിപ്പിച്ച എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡുകളും നിതാന്ത ജാഗ്രതയിലാണ്. സംസ്ഥാനത്തിനകത്തെ ലഹരികടത്തു ശൃംഖലയുടെ വേരറുക്കാൻ പ്രത്യേക പരിശീലനവും ഫണ്ടുമൊക്കെ സ്‌ക്വാഡുകൾക്കു നൽകിയിട്ടുണ്ട്.

nerkkannu

അടുത്തിടെ കൊച്ചിയിൽ നിന്നും 15 കോടി രൂപയുടെ ചരസും, തിരുവനന്തപുരം ബൈ പാസിൽ നിന്നും 12.5 കോടി രൂപ മതിക്കുന്ന ഹാഷിഷ് ഓയിലും എക്‌സൈസ് അധികൃതർ പിടികൂടിയിരുന്നു. അടുത്തിടെ കോഴിക്കോട് തീവണ്ടി മാർഗം എത്തിച്ച 50 ലക്ഷത്തിന്റെ ചരസ്സും പിടികൂടിയിരുന്നു. കേരള മാർക്കറ്റിൽ അധികം ആവശ്യക്കാരില്ലാത്ത ചരസ്സും ഹെറോയിനും ഹാഷിഷും എവിടേക്കു കൊണ്ട് പോകുന്നു എന്നതിന്റെ ഉറവിടം തേടിയുള്ള എക്‌സൈസ് ഇന്റലിജൻസിന്റെ അന്വേഷണമാണ് കേരളത്തെ മയക്കു മരുന്ന് മാഫിയ പ്രധാന കടത്തൽ ഇടത്താവളമായി ഉപയോഗിച്ച് തുടങ്ങിയെന്ന വസ്തുതയിലേക്കെത്തിച്ചത്. കൊച്ചിയിൽ പിടിയിലായവർ ഹെറോയിൻ ഗോവയിലേക്ക് എത്തിച്ചു കൊടുക്കാനാണ് ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലെത്തിച്ചത് എന്നായിരുന്നു നൽകിയ മൊഴി. ചെക്ക് പോസ്റ്റ് കടന്നു കേരളത്തിലേക്കെത്തുന്ന മയക്കുമരുന്ന് ഏറ്റെടുത്തു ആവശ്യക്കാർക്ക് മൊത്തമായും ചില്ലറയായും കൈമാറാൻ കേരളത്തിനുള്ളിൽ തന്നെ സംഘങ്ങളുണ്ട്. ഇവർ തന്നെയാണ് മറ്റു പ്രദേശങ്ങളിലേക്ക് മയക്കു മരുന്ന് കയറ്റി അയക്കുന്നതും. ഇവിടെ എക്‌സൈസിന്റെയും പോലീസിന്റെയും പിടിയിലാകുന്നതും ഈ സംഘങ്ങൾ തന്നെയാണ്.

drug

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്‌കൂളുകളിലും പരിസരത്തും ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും തടയുവാൻ എക്‌സൈസ് വകുപ്പ് വ്യക്തമായ മാർഗ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിക്കു കൈമാറിയിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സുരക്ഷയൊരുക്കി ലഹരി തടയണമെന്നാണ് പ്രധാന നിർദേശം. സ്‌കൂൾ പ്രവർത്തിസമയം ആരംഭിക്കുമ്പോളും ഉച്ചയൂണ് സമയത്തും സ്‌കൂൾ വിടുമ്പോളും പ്രധാന കവാടത്തിലടക്കം രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് രൂപീകരിക്കുന്ന സമിതി സുരക്ഷയൊരുക്കണമെന്നാണ് നിർദേശം. ' ഒരു വിദ്യാർത്ഥിയും ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുക്കണം. കൂടെയുള്ള സഹപാഠി ലഹരി ഉപയോഗിക്കുന്നത് ശ്രേദ്ധയിൽ പെട്ടാൽ അത് പുറത്തു പറയാൻ മടി കാട്ടരുത്. അധ്യാപകരോട് ഉടൻതന്നെ വിവരം കൈമാറണം' എക്‌സൈസ് കമ്മീഷണർ ഋഷിരാജ്സിംഗ് വിദ്യാർത്ഥികളോട് ആവർത്തിക്കുന്ന ഉപദേശമിതാണ്.