ന്യൂഡൽഹി: കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധനെ സന്ദർശിച്ചു. കേരളത്തിലെ രണ്ടാം നിപ ബാധയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിന് വേണ്ടിയായിരുന്നു കൂടികാഴ്ച്ച. രോഗബാധയിലുള്ള ആശങ്ക ഒഴിഞ്ഞതിനാൽ നേരത്തെ കേരളം സന്ദർശിക്കാനിരുന്ന ഹർഷ വർദ്ധൻ ആ തീരുമാനം പിൻവലിച്ചു എന്നും മന്ത്രി പറഞ്ഞു. നിപ രോഗബാധയെ കുറിച്ചുള്ള റിപ്പോർട്ട് കേരളം കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കെ.കെ. ശൈലജ അറിയിച്ചു.
ആധുനിക ഗുണനിലവാരത്തിലുള്ള വൈറോളജി ലാബും എയിംസും കേരളത്തിന് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള, ബി.എസ്.എൽ 3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കാണെന്നുള്ള ഫണ്ട് അനുവദിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിന് അനുവദിച്ച 3 കോടി മതിയാകില്ലെന്നും 5 കോടി കൂടി അധികം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ തുക അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായും മന്ത്രി ശൈലജ പറഞ്ഞു.
ഏറെനാളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് മെഡിക്കൽ കോളേജ് കേരളത്തിന് അനുവദിക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകത്തിലും കേരളത്തിലും മാത്രം എയിംസ് അനുവദിക്കാത്തതും മന്ത്രി ചൂണ്ടിക്കാണിച്ചു. ഇക്കാര്യവും കേന്ദ്ര ആരോഗ്യമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും വൈകാതെ അത് അനുവദിക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
ആരോഗ്യമന്ത്രിയെ കൂടാതെ, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനിയേയും കെ.കെ. ശൈലജ സന്ദർശിച്ചു. കേരളത്തിലെ അംഗൻവാടികളെ ആധുനികവൽക്കരിച്ച് 'സ്മാർട്ട്' അംഗൻവാടികളാക്കാൻ സഹായം ആവശ്യപ്പെട്ടാണ് മന്ത്രി സ്‌മൃതി ഇറാനിയെ കണ്ടത്. ഇത് നല്ല ആശയമാണെന്നും ഇത് പരിഗണിക്കാമെന്നും സ്‌മൃതി ഇറാനി പറഞ്ഞതായി കെ.കെ. ശൈലജ പറഞ്ഞു.
അംഗൻവാടി ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം മന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽ പ്രായമായവർക്കുള്ള ഹോംസ്റ്റേകൾ നടത്തുന്ന എൻ.ജി.ഒകൾക്ക് ആവശ്യത്തിന് ഫണ്ട് അനുവദിക്കണമെന്നും മന്ത്രി കെ.കെ. ശൈലജ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.