up-police

ന്യൂഡൽഹി: ചവറ്റുകൊട്ടയിൽ നിന്നും മനുഷ്യമാംസമെന്ന് തോന്നിക്കുന്ന വസ്തു തെരുവ് നായ്‌ക്കൾ കൊത്തിവലിക്കുന്നത് കണ്ട ഉത്തർപ്രദേശ് അലിഗഡിലെ ഗ്രാമീണന്റെ സംശയമാണ് രാജ്യത്തെ നടുക്കിയ കൊലപാതകത്തിന്റെ നടുക്കുന്ന കഥയിലേക്ക് വഴി തുറന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ, മേയ് 30ന് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പ്രദേശത്ത് നിന്നും കണ്ടെടുത്തു. 10000 രൂപയുടെ വായ്‌പയുമായി ബന്ധപ്പെട്ട് അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് രണ്ട് വയസുകാരിയുടെ ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ കടംവാങ്ങിയ 10,000 രൂപ തിരികെ നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സാഹിദ്, അസ്‌ലം എന്നിവർ സംഭവത്തിന് പിന്നാലെ അറസ്‌റ്റിലാവുകയും ചെയ്‌തു. എന്നാൽ കൊടുംക്രൂരതയ്‌ക്ക് ഇരയായ കുട്ടിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം നിരവധി പേർ രംഗത്തെത്തിയതോടെ സംഭവം ദേശീയ തലത്തിൽ തന്നെ വൻ ചർച്ചയായി. സംഭവത്തിന് പിന്നിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. അതേസമയം, സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഉത്തർപ്രദേശ് പൊലീസ് കേസന്വേഷണത്തിൽ വീഴ്‌ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദി, ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.

മേയ് 30നാണ് രണ്ട രണ്ടര വയസുകാരിയെ സ്വന്തം വീടിന് സമീപത്ത് നിന്നും കാണാതാകുന്നത്. കുടുംബവും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പിറ്റേന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രദേശത്ത് ആക്രി പെറുക്കുന്ന സ്ത്രീ ചവറ്റുകൊട്ടയിൽ നിന്നും തെരുവ് നായ്‌ക്കൾ മനുഷ്യശരീരമെന്ന് തോന്നിക്കുന്ന വസ്തു കടിച്ചുമുറിക്കുന്നത് കണ്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞു. സംഗതി വഷളാകുമെന്ന് കണ്ട പൊലീസ് കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ സാഹിദിനെ പിടികൂടി. കുട്ടിയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌‌തു.

കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനിൽ നിന്നും പ്രതികൾ 50,000 രൂപ വായ്‌പ വാങ്ങിയിരുന്നു. ഇതിൽ 10,000 രൂപ തിരിച്ചുനൽകാത്തതിനെ ചൊല്ലി പ്രതി സാഹിദും കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതാകുന്നത്. സമൂഹത്തിൽ നാണക്കേടുണ്ടാക്കുന്ന വിധം കുടുംബത്തെ നാണം കെടുത്തുമെന്ന് വാക്കുതർക്കത്തിനിടെ സാഹിദ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്ന് മറ്റൊരു പ്രതിയായ അസ്‌ലമിന്റെ സഹായത്തോടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, നാട്ടുകാർ ആരോപിക്കുന്നത് പോലെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനോ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതിനോ തെളിവില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം കുറച്ച് ദിവസങ്ങൾ പഴകിയതിനാലാകും ഇത്തരത്തിൽ കണ്ണുകൾക്ക് കുഴപ്പം സംഭവിച്ചത്. കുട്ടിയുടെ ഒരു കയ്യും കാലും മുറിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.