ന്യൂഡൽഹി: ജൂലായ് 15ന് നടക്കുന്ന നയനിർണയ കാര്യാലയമായ നീതി ആയോഗിന്റെ യോഗത്തിന് താൻ എത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മമത ബാനജി. പ്രത്യേകിച്ച് അധികാരമൊന്നുമില്ലാത്ത കാര്യാലയത്തിന്റെ യോഗത്തിൽ സുപ്രധാന തീരുമാനമൊന്നും ഉണ്ടാകില്ല എന്നാണ് താൻ കരുതുന്നതെന്നാണ് മമത മോദിയെ അറിയിച്ചത്. മൂന്ന് പേജുള്ള കത്തിലൂടെയാണ് മമത ഇക്കാര്യം പറഞ്ഞത്. യോഗം നടക്കുന്നതിന് ആഴ്‌ചകൾക്ക് മുൻപ് യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് മമതയ്ക്ക് ലഭിച്ചിരുന്നു.
കത്തിൽ, നീതി ആയോഗിന് മുന്പുണ്ടായിരുന്ന സ്ഥാപനമായ പ്ലാനിംഗ് കമ്മീഷനെ അസാധുവാക്കിയ നടപടിയിൽ തനിക്കുള്ള അതൃപ്‌തിയും മമത വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്ലാനിംഗ് കമ്മീഷൻ നിരന്തരം കേന്ദ്ര സർക്കാരുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും നീതി ആയോഗിന് വിരുദ്ധമായി സാധാരണ ജനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങളാണ് പ്ലാനിംഗ് കമ്മീഷൻ എപ്പോഴും ചർച്ച ചെയ്തിരുന്നതിനും മമത കത്തിൽ പറയുന്നു.
സാമ്പത്തികമായി പ്രാപ്‌തിയുള്ള സ്ഥാപനമായിരുന്നു പ്ലാനിംഗ് കമ്മീഷൻ എന്നും മമത ചൂണ്ടിക്കാണിക്കുന്നു. 2014ൽ ബി.ജെ.പി അധികാരത്തിൽ വന്ന ശേഷമാണ് പ്ലാനിംഗ് കമ്മീഷനെ മാറ്റി പകരം നീതി ആയോഗ് കൊണ്ടുവന്നത്.
വികസന പ്രവർത്തനങ്ങൾക്കായി സാമ്പത്തികാധികാരം വേണമെന്ന് കാണിച്ച് നീതി ആയോഗ് ഉദ്യോഗസ്ഥർ നിരന്തരം കേന്ദ്ര സർക്കാരിനോട് അപേക്ഷിച്ചതും മമത കത്തിൽ എടുത്ത് പറഞ്ഞു. നീതി ആയോഗിൽ പുനഃസംഘടന നടത്തണമെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിറക്കിയിരുന്നു. അതിനെ തുടർന്ന് ചെയർമാനായ ബിബേക് ദെബ്രോയ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇപ്പോൾ വൈസ് ചെയർമാനായ രാജിവ് കുമാറാണ് നീതി ആയോഗ് തലവൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാര്യാലയത്തിന്റെ അനൗദ്യോഗിക അംഗമാണ്.