ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധി മാറിനിൽക്കുകയാണെങ്കിൽ രണ്ട് വർഷത്തേക്ക് താൻ പദവി ഏറ്റെടുക്കാമെന്ന വാഗ്‌ദ്ധാനവുമായി മുൻ കേന്ദ്രമന്ത്രിയും ഹോക്കി താരവുമായ ഒളിമ്പ്യൻ അസ്‌ലം ഷേർ ഖാൻ രംഗത്തെത്തി. ഇക്കാര്യം വ്യക്തമാക്കി അസ്‌ലം നൽകിയ കത്ത് കോൺഗ്രസ് നേതാക്കൾ കാര്യമായി എടുക്കുന്നില്ലെങ്കിലും ഇതാദ്യമായാണ് രാഹുലിന് പകരം അദ്ധ്യക്ഷ പദവി ഏറ്റെടുക്കാമെന്ന് വ്യക്തമാക്കി ഒരാൾ രംഗത്തെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് താൻ രാജിവയ്‌ക്കാമെന്ന് രാഹുൽ വാഗ്‌ദ്ധാനം ചെയ്‌തെങ്കിലും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇക്കാര്യം തള്ളുകയായിരുന്നു. പരാജയത്തിന് പിന്നാലെ രാഹുൽ രാജിവയ്‌ക്കുന്നത് തിരിച്ചടിയാകുമെന്നും തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും നിരവധി നേതാക്കന്മാർ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നാണ് രാഹുലിന്റെ നിലപാട്. ഇതിനിടയിലാണ് താൻ പാർട്ടി അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കാമെന്ന വാഗ്‌ദ്ധാനവുമായി അസ്‌ലം രംഗത്തെത്തിയത്
1975 മലേഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ വിജയിച്ച ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്ന തനിക്ക് രാഷ്ട്രീയ, കായിക രംഗത്ത് മതിയായ പരിചയം ഉണ്ടെന്ന് കത്തിൽ അസ്‌ലം അവകാശപ്പെടുന്നു. നിർണായക ഘട്ടത്തിൽ എങ്ങനെ പെരുമാറണമെന്ന് ഒരു ഹോക്കി കളിക്കാരനെന്ന നിലയിൽ എനിക്ക് ഉത്തമ ബോധ്യമുണ്ട്. 1975ലെ ലോകകപ്പിലെ സെമി ഫൈനലിൽ 2-1ന് ഇന്ത്യ പിന്നിൽ നിന്നിരുന്ന സമയത്ത് പകരക്കാരനായി എത്തി ടീമിനെ ജയിപ്പിച്ചത് എന്റെ മികവാണ്. ഇന്ത്യ വിജയിച്ച ഏക ലോകകപ്പ് 1975ലേതാണെന്നും മറക്കരുത്. ഇനിയും കോൺഗ്രസിന് വേണ്ടി പകരക്കാരനായി ഇറങ്ങി അത്ഭുതം സൃഷ്‌ടിക്കാൻ തനിക്ക് കഴിയുമെന്നും അസ്‌ലം അവകാശപ്പെട്ടു.
അതേസമയം, 2017ൽ മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് അസ്‌ലം ഖാനെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. 2016ൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അസ്‌ലം രാജിക്കത്ത് നൽകിയെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.