ന്യൂഡൽഹി: കടബാദ്ധ്യത ഒഴിവാക്കാൻ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി) ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) ആസ്‌തി വിറ്റഴിക്കുന്നു. കമ്പനി വിതരണം ചെയ്‌ത കടപ്പത്രങ്ങളുടെ കാലാവധി അവസാനിച്ചിട്ടും മുതലും പലിശയും ചേർന്നുള്ള 960 കോടി രൂപ തിരിച്ചുനൽകാൻ കഴിയാതിരുന്നത് രാജ്യത്തെ എൻ.ബി.എഫ്.സികളുടെയാകെ സമ്പദ്‌സ്ഥിതി മോശമാണെന്ന പ്രതീതി സൃഷ്‌ടിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഓഹരി സൂചികയായ സെൻസെക്‌സ് വ്യാഴാഴ്‌ച 554 പോയിന്റും നിഫ്‌റ്റി 177 പോയിന്റും ഇടിഞ്ഞിരുന്നു.
ബാദ്ധ്യത വീട്ടുന്നതിന്റെ ഭാഗമായി ഉപസ്ഥാപനമായ ആധാർ ഹൗസിംഗ് ഫിനാൻസിന്റെ (എ.എച്ച്.എഫ്.എൽ) ഓഹരികൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബ്ളാക്ക്സ്‌റ്റോണിന് വിൽക്കും. ഏഴ് ദിവസത്തിനകം ബാദ്ധ്യത ഒഴിവാക്കുമെന്ന് ഡി.എച്ച്.എഫ്.എൽ ചെയർമാൻ കപിൽ വധാവൻ പറഞ്ഞു. കടപ്പത്രങ്ങളിന്മേലുള്ള തിരിച്ചടവ് മുടങ്ങിയതിനാൽ റേറ്റിംഗ് ഏജൻസികളായ ഇക്രയും ക്രിസിലും ഡി.എച്ച്.എഫ്.എല്ലിന്റെ കടപ്പത്ര റേറ്രിംഗ് 'എ4"ൽ നിന്ന് 'ഡിഫോൾട്ട്" ആയി താഴ്‌ത്തിയിട്ടുണ്ട്.
മറ്റൊരു പ്രമുഖ എൻ.ബി.എഫ്.സിയായ ഐ.എൽ ആൻഡ് എഫ്.എസിന്റെ തകർച്ചയും ഇന്ത്യൻ സമ്പദ്‌സ്ഥിതി മോശമാണെന്ന സൂചന ഉയർത്തിയിരുന്നു. 90,000 കോടി രൂപയുടെ കടബാദ്ധ്യതയാണ് ഐ.എൽ ആൻഡ് എഫ്.എസിനുള്ളത്. ഡി.എച്ച്.എഫ്.എല്ലിന് ഒരുലക്ഷം കോടി രൂപയുടെ ബാദ്ധ്യതയുണ്ട്. ബാങ്കുകൾ, മ്യൂച്വൽഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയിൽ നിന്നുള്ള നിക്ഷേപമാണ് കമ്പനിയിലുള്ളത്. ഡി.എച്ച്.എഫ്.എല്ലിന്റെ തകർച്ച, കമ്പനിയിൽ നിക്ഷേപമുള്ള എല്ലാവിഭാഗങ്ങളെയും തളർത്തും. ഇതാണ്, നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതും. അതേസമയം, പ്രതിസന്ധി ഉടൻ ഒഴിവാകുമെന്നും 2018 സെപ്‌തംബർ മുതൽ ഇതുവരെ 35,000 കോടി രൂപയുടെ ബാദ്ധ്യത കമ്പനി തീർത്തുവെന്നും കപിൽ വധാവൻ പറഞ്ഞു.
ജുൻജുൻവാലയ്ക്കും
എൽ.ഐ.സിക്കും
നഷ്‌ടം 38%
ഡി.എച്ച്.എഫ്.എല്ലിൽ ഓഹരിയുള്ള ഏറ്റവും വലിയ പൊതു നിക്ഷേപകരാണ് എൽ.ഐ.സിയും റെയൽ എന്റർപ്രൈസസിന്റെ പാർട്‌ണറും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാലയും. ജുൻജുൻവാലയ്ക്ക് 3.19 ശതമാനവും (2019 മാർച്ചിലെ മൂല്യം 150.25 കോടി രൂപ) എൽ.ഐ.സിക്ക് 3.44 ശതമാനവുമാണ് (162.2 കോടി രൂപ) ഓഹരി പങ്കാളിത്തം. മാർച്ചിൽ ഡി.എച്ച്.എഫ്.എൽ ഓഹരിവില 150 രൂപയും ആയിരുന്നു. ഇപ്പോൾ ഓഹരിവില 93 രൂപ. ഫലത്തിൽ, ജുൻജുൻവാലയുടെ ഓഹരികളുടെ മൂല്യം 94 കോടി രൂപയിലേക്കും എൽ.ഐ.സിയുടെ കൈയിലുള്ള ഓഹരികളുടെ മൂല്യം 101.4 കോടി രൂപയിലേക്കും ഇടിഞ്ഞു. നഷ്‌ടം 38 ശതമാനം.