aligad

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത സംഭവത്തിൽ രാജ്യത്തിന്റെ വിവിധയിടത്ത് പ്രതിഷേധം ശക്തമാകുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ കൈയിൽനിന്ന് പ്രതികൾ കടംവാങ്ങിയ 10000 രൂപ തിരികെ ആവശ്യപ്പെട്ടതിന്റെ പേരിലാണ്, ട്വിങ്കിൾ ശർമ്മ എന്ന കുട്ടിയെ കഴിഞ്ഞദിവസം അയൽവാസികൾ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 30 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കഴിഞ്ഞദിവസം മാലിന്യക്കൂനയിൽ നായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി അഭിഷേക് ബച്ചൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ രം​ഗത്തെത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടെ 50000ഓളം പേരാണ് സംഭവത്തിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കുറ്റവാളികൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് നടി ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. മനുഷ്യത്വം മനസിലാകാത്ത ലോകത്തിൽ ജനിക്കേണ്ടി വന്ന ട്വിങ്കിളിനോട് മാപ്പു പറയുന്നുവെന്നായിരുന്നു സണ്ണി ലിയോൺ ട്വീറ്റ് ചെയ്തത്. സോനം കെ. അഹുജ, സിദ്ധാർത്ഥ് മൽഹോത്ര, അനുപം ഖേർ, അക്ഷയ് കുമാർ, അർജുൻ കപൂർ തുടങ്ങിയവരും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജസ്റ്റിസ് ഫോർ ട്വിങ്കിൾ' എന്ന ഹാഷ് ടാഗോടെയാണ് താരങ്ങൾ രം​ഗത്തെത്തിയിരിക്കുന്നത്. അതേസമയം, പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പൊലീസ് നേരത്തേ തന്നെ തള്ളിക്കളഞ്ഞിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.