jagan-

അഞ്ച് മേഖലകൾക്കും അഞ്ച് സമുദായങ്ങൾക്കും പ്രാതിനിദ്ധ്യം

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ചരിത്രം സൃഷ്ടിച്ചു. ഉപമുഖ്യമന്ത്രിമാരുൾപ്പെടെ 25 അംഗ മന്ത്രിസഭ ഇന്ന് രാവിലെ 11.49ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ രാവിലെ തഡേപ്പള്ളിയിലുള്ള ജഗ്‌മോഹൻ റെഡ്ഢിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.

ആന്ധ്രയിലെ അഞ്ച് മേഖലകളായ റായലസീമ, പ്രകാശം, കൃഷ്ണ ഡെൽറ്റ, ഗോദാവരി, വിസാഗ് എന്നിവിടങ്ങളിൽ നിന്നുള്ള പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം എന്നിവയിൽപ്പെട്ട അഞ്ച് പേരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. കാപു നിലവിൽ മുന്നാക്ക വിഭാഗമാണെങ്കിലും പിന്നാക്ക സമുദായ പദവിക്ക് വേണ്ടി പ്രക്ഷോഭത്തിലാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ആന്ധ്രയിൽ തന്നെ ചന്ദ്രബാബു നായിഡുവിന്റെ കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിരുന്നു. പിന്നാക്ക വിഭാഗത്തിലും കാപ്പ സമുദായത്തിലും പെട്ടവരായിരുന്നു അവർ.

അതേസമയം,​ദുർബലവിഭാഗങ്ങളിലെ ജനപ്രതിനിധികൾക്കാണ് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിദ്ധ്യമെന്ന് ജഗൻ മോഹൻ വ്യക്തമാക്കി. റെഡ്ഢി വിഭാഗത്തിനായിരിക്കും മന്ത്രിസഭയിൽ മുൻതൂക്കം കിട്ടുകയെന്നാണ് കരുതിയിരുന്നത്. രണ്ടര വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും പുതിയ 25 മന്ത്രിമാർ വരുമെന്നും ജഗൻ വ്യക്തമാക്കി. മന്ത്രിപദം ലഭിക്കാത്തവർക്ക് പാർട്ടിയുടെ ഉന്നത പദവികളും നോമിനേറ്റഡ് പദവികളും നൽകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജഗൻമോഹ​ന്റെ വൈ.എസ്.ആർ കോൺഗ്രസ്​ 175 സീറ്റുകളിൽ 151ലും വിജയിച്ചാണ് ചന്ദ്രബാബുനായിഡുവിന്റെ ടി.ഡി.പിയെ അധികാരത്തിൽ നിന്നിറക്കിയത്. ആന്ധ്രപ്രദേശ്,​ തെലങ്കാന വിഭജനത്തിന് ശേഷം ആന്ധ്ര മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജഗൻമോഹൻ റെഡ്ഡി.

 5 മേഖലകൾ

റായലസീമ, പ്രകാശം, കൃഷ്ണ ഡെൽറ്റ, ഗോദാവരി, വിസാഗ്

 5 സമുദായങ്ങൾ

പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപു വിഭാഗം