ന്യൂഡൽഹി: രണ്ടുവർഷക്കാലയളവിലേക്ക് കോൺഗ്രസ് പാർട്ടിയെ ദേശീയതലത്തിൽ നയിക്കാൻ തയ്യാറാണെന്ന വാഗ്ദാനവുമായി ഹോക്കി താരവും മുൻ കേന്ദ്രമന്ത്രിയുമായ അസ്‌ലം ഷേർ ഖാൻ.
മേയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വർഷത്തേക്ക് പാർട്ടിയെ നയിക്കാൻ താൻ തയ്യാറാണെന്ന് അസ്‌ലം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതിനിടയിലാണ് അസ്‌ലമിന്റെ വാഗ്ദാനം. അന്താരാഷ്ട്ര ഹോക്കി പ്ലെയർ എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലുമുള്ള തന്റെ അനുഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അസ്‌ലം കത്തിൽ പറയുന്നു.
1984ൽ മദ്ധ്യപ്രദേശിലെ ബേത്തുൾ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്‌സഭയിലേക്ക് ജയിച്ചാണ് ഷേർ ഖാൻ കേന്ദ്രമന്ത്രിയായത്. 1997 ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയെങ്കിലും രണ്ട് വർഷത്തിന് ശേഷം വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ ഹോക്കി ടീം അംഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 65 കാരനായ അസ്‍ലം ഷേർ ഖാൻ 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമിലും അംഗമായിരുന്നു. കോൺഗ്രസിൽ തുടരുന്നുണ്ടെങ്കിലും കുറച്ചുകാലമായി നേതാക്കളുമായി അദ്ദേഹം അകന്ന് കഴിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.