കൊല്ലം: ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിച്ച ആദ്യ പൊലീസ് സംഘം അവഗണിച്ച കൊല്ലത്തെ ജ്യൂസ് കടയിലെ ദൃശ്യങ്ങളെ ചൊല്ലിയും വിവാദം. തന്റെ മൊഴിയെന്ന നിലയിൽ ക്രൈംബ്രാഞ്ച് നടത്തിയ വെളിപ്പെടുത്തൽ കടയുടമ ഷംനാദ് നിഷേധിച്ചു. ഇന്നലെ മാദ്ധ്യമ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ഷംനാദ് വല്ലാത്ത പരിഭ്രമത്തിലായിരുന്നു. ആദ്യം സംസാരിക്കാൻ തയ്യാറാകാതെ വീടിന്റെ കതകടച്ചു. അടുത്ത ബന്ധുക്കളെ വിളിച്ചുവരുത്തി അര മണിക്കൂറിന് ശേഷം പുറത്തു വന്ന ഷംനാദ് പ്രകാശൻ തമ്പി എന്നയാളെ അറിയില്ലെന്നും തന്റെ പക്കൽ നിന്ന് പൊലീസല്ലാതെ മറ്റാരും ഹാർഡ് ഡിസ്ക് വാങ്ങിയിട്ടില്ലെന്നും പറഞ്ഞു.

'കഴിഞ്ഞ സെപ്തംബർ 25ന് പുലർച്ചെ രണ്ട് മണിയോടെ വാഹനത്തിന്റെ ഹോൺ കേട്ടാണ് കടയിലെ വിശ്രമ മുറിയിൽ നിന്ന് പുറത്ത് വന്നത്. അപ്പോൾ ബർമുഡ ധരിച്ച ഒരാൾ കാറിൽ നിന്നിറങ്ങി ജ്യൂസ് ചോദിച്ചു. ഭാര്യയ്ക്ക് വേണ്ടേയെന്ന് ചോദിച്ചപ്പോൾ അവൾ നല്ല ഉറക്കത്തിലാണ്, രണ്ട് ദിവസമായുള്ള യാത്രയുടെ ക്ഷീണമുണ്ടെന്ന് മറുപടി പറഞ്ഞു. ജ്യൂസ് കുടിച്ചു കഴിഞ്ഞ് പൈസ വാങ്ങിയശേഷം ഞാൻ വിശ്രമമുറിയിലേക്ക് മടങ്ങിപ്പോയി. ജ്യൂസ് കുടിച്ചയാൾ തിരിച്ച് കാറിന്റെ ഏത് സീറ്റിലാണ് കയറിയതെന്ന് ശ്രദ്ധിച്ചില്ല. രണ്ടു ദിവസത്തിന് ശേഷമാണ് കടയിൽ വന്നത് ബാലഭാസ്കറായിരുന്നുവെന്ന് അറിഞ്ഞത്. അപകടം നടന്ന് രണ്ട് മാസത്തിനുശേഷം ഡിവൈ.എസ്.പി ഹരികൃഷ്ണൻ വന്നാണ് ഹാർഡ് ഡിസ്ക് വാങ്ങിക്കൊണ്ടുപോയത്". ഇത്രയും പറഞ്ഞശേഷം ഷംനാദ് വീടിനകത്തേക്ക് കയറി വാതിലടച്ചു.

പ്രകാശൻ പള്ളിമുക്കിൽ വന്നെന്ന്

ബാലഭാസ്കറിന്റെ സുഹൃത്ത്

പ്രകാശൻ തമ്പി കൊല്ലം പള്ളിമുക്കിൽ വന്നിരുന്നതായി ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും പള്ളിമുക്ക് സ്വദേശിയുമായ ഷുഹാസ് പറഞ്ഞു. പ്രകാശനെ അറിയാവുന്ന പള്ളിമുക്കിലെ സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞത്. ബാലഭാസ്കർ സഹോദരനെപ്പോലെ കണ്ടിരുന്നയാളായതുകൊണ്ട് രണ്ട് മാസം മുൻപുള്ള വരവിൽ സംശയം തോന്നിയില്ല. ജ്യൂസ് കടയുടമ ഷംനാദുമായും തനിക്ക് അടുത്ത പരിചയമുണ്ട്.