modi-guruvayoor
modi guruvayoor

 ഭക്തർക്ക് നിയന്ത്രണം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും.

കൊച്ചിയിൽ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 10ന് ക്ഷേത്രത്തിൽ എത്തും.

ഒന്നേകാൽ മണിക്കൂർ ക്ഷേത്രത്തിൽ ചിലവിടും. 11.15ന് പുറത്തിറങ്ങുന്ന പ്രധാനമന്ത്രി 11.25ന് പൊതുപരിപാടിക്കായി ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ ഗ്രൗണ്ടിലെത്തും. 12ന് പരിപാടി കഴിഞ്ഞ് 12.10ന് ഹെലികോപ്റ്ററിൽ തിരിക്കുന്ന പ്രധാനമന്ത്രി 12.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. കിഴക്കേ നടയിൽ രാവിലെ ഏഴ് മുതൽ ബാരിക്കേഡ് വഴി പ്രവേശനം നിയന്ത്രിക്കും. ഒൻപത് മണിയോടെ എല്ലാവരെയും ഒഴിപ്പിക്കും. പിന്നെ പ്രധാനമന്ത്രി പോയ ശേഷമേ ഭക്തരെ പ്രവേശിപ്പിക്കൂ. രാവിലെ എട്ടിന് പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

എട്ട് വഴിപാടുകൾ

ക്ഷേത്രത്തിൽ പ്രധാനമന്ത്രി എട്ട് വഴിപാടുകൾ നടത്തും. അഹസ്, മുഴുക്കാപ്പ് കളഭം, താമര കൊണ്ട് തുലാഭാരം, പാൽപ്പായസം, അപ്പം, അട, അവിൽ, ഉണ്ടമാല എന്നിവയാണ് വഴിപാടുകൾ. തുലാഭാരത്തിനുള്ള 110 കിലോ താമര ഇന്നലെ രാത്രി ക്ഷേത്രത്തിൽ എത്തിച്ചു.