photo

കൊല്ലം: ഒരു വർഷം മുമ്പ് കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിൽ എൻ. കമലാസനൻ (78) വലിയ പ്രതീക്ഷയോടെയാണ് മൂന്നര കോടി രൂപ വിലവരുന്ന ഇരുനില വീടും 84 സെന്റ് സ്ഥലവും സർക്കാരിന് ദാനം ചെയ്‌തത്. കമലാസനന്റെ ഏക മകൾ പ്രിയയ്‌ക്ക് (38) മാനസിക അസ്വാസ്ഥ്യമുണ്ട്. മകളെപ്പോലുള്ള വനിതകൾക്കായി ഒരു പുനരധിവാസ കേന്ദ്രം തുടങ്ങാനാണ് വെളിയം കായിലയിൽ കുടുംബ ഓഹരിയായി ലഭിച്ച ഭൂമി കൈമാറിയത്. കഴിഞ്ഞ വർഷം ജൂൺ 8ന് വെളിയം - അമ്പലംകുന്ന് റോഡരികിലെ ഈ കണ്ണായ സ്ഥലം സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തു. റവന്യൂ വകുപ്പ് ഏറ്റെടുക്കാതെ ഫയൽ തിരിച്ചയച്ചപ്പോൾ മുഖ്യമന്ത്രി ഇടപെട്ടാണ് സാമൂഹ്യ നീതിവകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിച്ചത്. വകുപ്പ് മന്ത്രി കെ.കെ. ശൈലജ പുനരധിവാസ കേന്ദ്രത്തിന് പേരും നൽകി - കമലാസനന്റെ മകളുടെ പേരിൽ 'പ്രിയ ഹോം ഫോർ മെന്റലി ചലഞ്ച്ഡ് വിമെൻ'. പിന്നെ ആരും തിരിഞ്ഞുനോക്കിയില്ല. കാട് മൂടി കെട്ടിടം നശിക്കുകയാണ്.

ഭൂമി നൽകിയത് സി.എച്ച്. കണാരന്റെ മരുമകൻ

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്റെ മൂത്ത മകൾ സി.കെ. സരോജിനിയുടെ ഭർത്താവാണ് കമലാസനൻ. കോഴിക്കോട് വെസ്റ്റ് ടെക്നിക്കൽ സ്കൂളിൽ നിന്ന് ഫിസിക്സ് ഇൻസ്ട്രക്ടറായി വിരമിച്ചു. സരോജിനി ചാലപ്പുറം ഗണപതി ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് പ്രഥമാദ്ധ്യാപികയായും വിരമിച്ചു. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ കമലാസനൻ മകളുടെ ദുരവസ്ഥയിൽ മനംനൊന്ത്, മാനസിക വൈകല്യമുള്ളവരെ പുനരധിവസിപ്പിക്കാൻ അവിടെ സാന്ത്വനം എന്ന ഡേ കെയർ സെന്റർ നടത്തുന്നുണ്ട്. അതുപോലൊരു സ്ഥാപനം സ്വന്തം നാട്ടിലും വരുമെന്ന പ്രതീക്ഷയിലാണ് ഭൂമി നൽകിയത്.

കണ്ണടയും മുൻപേ അതൊന്ന് കാണണം

വലിയ പ്രതീക്ഷയോടെയാണ് വീടും സ്ഥലവും നൽകിയതെന്ന് കമലാസനൻ പറഞ്ഞു. പാറ മാഫിയകളുടെ ഇടപെടലുണ്ട്. അതുകൊണ്ടാണ് റവന്യൂ വകുപ്പ് ഫയൽ മടക്കിയത്. പിന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോഴാണ് സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തത്. ഒരു മാസത്തിനുള്ളിൽ പത്ത് പേർക്ക് താമസിക്കാവുന്ന വിധം കേന്ദ്രം തുടങ്ങുമെന്നും പിന്നാലെ 60 പേർക്കുള്ള സൗകര്യം ഏർപ്പെടുത്തുമെന്നുമാണ് അറിയിച്ചത്. പക്ഷേ, ഒന്നുമുണ്ടായില്ല. അധികാരികൾ തങ്ങളെ നല്ല പരിചയം ഉള്ളവരാണ്. എന്റെ കണ്ണടയും മുൻപ് അതൊന്ന് പ്രവർത്തിച്ച് കാണണം. അല്ലെങ്കിൽ മടക്കിത്തരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.