മുംബയ്: വായ്‌പകൾ കിട്ടാക്കടമാക്കുന്നവർക്കെതിരെ (ഡിഫോൾട്ടർമാർ) ബാങ്കുകൾ എടുക്കേണ്ട നടപടികൾ സംബന്ധിച്ച് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. വായ്‌പ കിട്ടാക്കടമായാൽ ഒരുദിവസത്തിനകം നടപടി എടുക്കണമെന്ന റിസർവ് ബാങ്കിന്റെ ഫെബ്രുവരിയിലെ സർക്കുലർ മാറ്റണമെന്ന് സുപ്രീം കോടതി ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. വായ്‌പ കിട്ടാക്കടമായാൽ 30 ദിവസത്തിനകം നടപടി എടുക്കണമെന്നാണ് പുതിയ നിർദേശം.

30 ദിവസത്തിനകം ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അംഗീകരിച്ച നടപടി ഡിഫോൾട്ടർക്കെതിരെ സ്വീകരിക്കണം. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) ഉൾപ്പെടെയുള്ള നടപടികൾ എടുക്കാം. ഇത്തരം നടപടികൾക്ക് ക്രെഡിറ്റർമാരുടെ 100 ശതമാനം വേണമെന്ന നിബന്ധന മാറ്റി 75 ശതമാനമാക്കി. അഞ്ചുകോടി രൂപയ്‌ക്കുമേൽ കിട്ടാക്കടമുള്ള അക്കൗണ്ടുകൾക്കെതിരായ നടപടി സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് ബാങ്കുകൾ റിസർവ് ബാങ്കിന് സമർപ്പിക്കണം. 2,000 കോടി രൂപയ്ക്കുമേൽ കിട്ടാക്കടമായ അക്കൗണ്ടുകൾക്കുമേൽ 180 ദിവസത്തിനകം നടപടിവേണമെന്നും പുതിയ സർക്കുലറിലുണ്ട്.