news

1. കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനം വകുപ്പ്. നിപ ബാധിതനായ യുവാവിന്റെ താമസ സ്ഥലത്തിന് അടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി. നിലവില്‍ മൂന്ന് പ്രധാനസ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാന്‍ ആണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.




2. അതേസമയം, കേരളത്തില്‍ നിപ നിയന്ത്രണ വിധേയം ആയി എന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇത്തവണ കേരളത്തിന് അനുവദിച്ച് നല്‍കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ബി.എസ്.എല്‍ 3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കുന്നതിന് ഉള്ള സഹായം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതികരണം, കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ദ്ധനും ആയി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട്. ഇത് സംബന്ധിച്ച് 2019 മെയ് മാസത്തില്‍ ഐ.സി.എം.ആറില്‍ നിന്ന് അനുമതിയും ലഭിച്ചിരുന്നു.
3. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കൂടിയ റീജിയണല്‍ ലാബ് അനുവദിച്ച് തരണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് വൈറോളജി ലാബിനായി 8 കോടിയോളം രൂപ ചിലവ് വരും എന്ന സാഹചര്യത്തില്‍. കൂടാതെ നിപ സ്ഥിതിഗതികളും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തു എന്നും ശൈലജ. അതേസമയം, നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വിദ്യാര്‍ത്ഥി അമ്മയുമായി സംസാരിച്ചു എന്നും ആശുപത്രി അധികൃതര്‍. എന്നാല്‍ യുവാവിന് നേരിയ പനി ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടയ്ക്കിടയ്ക്ക് അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട് എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പരാമര്‍ശം
4. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കടയുടമയുടെ വാദം പൊളിയുന്നു. കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റെ കുടുംബം വാഹനം നിറുത്തി ജ്യൂസ് കുടിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. വാഹനം ഓടിച്ചത് ആരാണന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍ പരിശോധിച്ചത് എന്നും പ്രകാശ് തമ്പി. ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെ ആണ് ദൃശ്യങ്ങള്‍ എടുത്തത് എന്നും ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പി മൊഴി നല്‍കി
5. കൊല്ലത്തെ സ്വന്തം കടയില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തുകൊണ്ടു പോയി എന്നായിരുന്നു ഉടമ ഷംനാദ് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് സി.സി.ടി.വി ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസ് എന്ന് ഇയാള്‍ മലക്കം മറിയുക ആയിരുന്നു. അതേസമയം, പ്രകാശ് തമ്പി സമാന്തര അന്വേഷണം നടത്തി എന്ന് വ്യക്തമായതായി ബാലഭാസ്‌കറിന്റെ സുഹൃത്തും വെളിപ്പെടുത്തി ഇരുന്നു. ബാലഭാസ്‌കര്‍ പല തവണ ജ്യൂസ് കടയില്‍ വന്നിട്ടുണ്ട് എന്നും സുഹൃത്ത് ഷുഹാസ് വ്യക്തമാക്കി. ബാലഭാസ്‌കറിന്റെ കാര്‍ അപകട സമയത്ത് അമിത വേഗതയില്‍ ആയിരുന്നു എന്ന് കണ്ടത്തല്‍. 231 കിലാമീറ്റര്‍ എത്താന്‍ വാഹനം എടുത്തത് രണ്ടര മണിക്കൂര്‍ മാത്രം.
6. ചാലക്കുടിയില്‍ 1.08ന് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. പള്ളിപ്പുറത്ത് 3.45നാണ് കാര്‍ എത്തിയത്. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടു എന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ അസമില്‍ എന്ന് വിവരം. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവും ഒളിവില്‍ ആണ്. അന്വേഷണ സംഘത്തിന് ഇതുവരെ ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താന്‍ ആയിട്ടില്ല. സ്വര്‍ണ്ണ കടത്തു കേസില്‍ അറസ്റ്റിലായ വിഷ്ണുവും പ്രകാശാന്‍ തമ്പിയും പാലക്കാട്ടെ കുടുംബവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ഇരുന്നു എന്ന് വിവരം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുക ആണ്
7. കേരളത്തില്‍ നാളെ മുതല്‍ 11 വരെ അതിശതക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 10,11 ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനകം കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം
8. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് ഏഴ്, 9, 10 ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് ഉണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള-കര്‍ണ്ണാടക തീരത്തോട് ചേര്‍ന്നുളള മധ്യകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
9 ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിലായി തെക്ക്-പടിഞ്ഞാറ് അറബിക്കടല്‍, തെക്ക-്കിഴക്ക് അറബിക്കടല്‍, കേരള തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ കാറ്റ് വീശാനുളള സാധ്യത ഉളളതിനാല്‍ സൂചിപ്പിച്ച മേഖലകളില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
10. ദുബായില്‍ ഉണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകനും അടക്കം ആറ് മലയാളികള്‍ ഉള്‍പെടെ 17 പേര്‍ മരിച്ചു എന്ന് സ്ഥിരീകരണം. തലശേരി സ്വദേശിയായ അച്ഛന്‍ ഉമ്മര്‍, മകന്‍ നബീല്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍, എന്നിവരെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍ നിന്നും ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകുന്നേരം യു.എ.ഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡില്‍ റാഷിദിയ എക്സിറ്റിന് സമീപമാണ് അപകടം ഉണ്ടായത്