ന്യൂഡൽഹി: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ തുടരുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 ന് നിയമ മന്ത്രാലയം നിയോഗിച്ച സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടത് അത്യാവശ്യമല്ലെന്നും അഭിലഷണീയമല്ലെന്നുമായിരുന്നു സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, വ്യക്തിനിയമങ്ങളിൽപെട്ട വിവാഹം, വിവാഹമോചനം, ജീവനാംശം നൽകൽ, സ്ത്രീയുടെയും പുരുഷന്റെയും വിവാഹ പ്രായം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും സമിതി നിർദ്ദേശിച്ചിരുന്നു.
അതേസമയം, കഴിഞ്ഞതവണ പാസാക്കാൻ സാധിക്കാതിരുന്ന മുത്തലാഖ് ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞതവണ ബിൽ പാസാകാതിരുന്നത്. പ്രസ്തുത ബിൽ പ്രകാരം മുത്തലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനൽ കുറ്റമാണ്. കുറ്റാരോപിതന് കോടതിയിൽ നിന്ന് മാത്രമേ ജാമ്യം നേടാൻ സാധിക്കു.