കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധത്തിന് പിന്നിൽ സി.പി.എം നേതാവ് പി.ജയരാജനാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ കെ.സുധാകരൻ. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഒരുസ്വകാര്യചാനലിന്റെ അഭിമുഖത്തിലാണ് കെ.സുധാകരന്റെ പ്രതികരണം.
ടി പി ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ പി ജയരാജനാണെന്ന് വടകരയിലെ എല്ലാ ആളുകൾക്കും അറിയാം. സി.പി.എമ്മിനകത്ത് ഇന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്. കൊലപാതകത്തിന് പിന്നിലെ കിംഗ് മേക്കർ ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കൊക്കെയറിയാം.
കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയപോലെ അന്വേഷണം ശരിയായി മുന്നോട്ട് പോയിരുന്നുവെങ്കിൽ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യു.ഡി.എഫ് ഭരണകാലത്തെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിരുന്നു. അത് താൻ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തിൽ പല ഇടപെടലുകൾ നടന്നിട്ടുണ്ട്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താൻ സംസാരിച്ചിട്ടുണ്ട്. അതിൽ ഒരു ഡിവൈ.എസ്.പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിർത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സർക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവിൽ കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടേഷനിൽ ജോലി നോക്കുകകയാണെന്നും കെ സുധാകരൻ പറഞ്ഞു.