ബ്രിസ്റ്രോൾ: ഏകദിന ലോകകപ്പിൽ ഇന്നലെ ബ്രിസ്റ്റോളിൽ നടക്കേണ്ടിയിരുന്ന പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
മഴമാറിയ ശേഷം അമ്പയർമാരായ നൈജൽ ലോംഗും ഇയാൻ ഗൗഡും പലതവണ ഗ്രൗണ്ടിൽ പരിശോധന നടത്തിയെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം മാറാതിരുന്നതിനാൽ ഇന്ത്യൻ സമയം രാത്രി 8.16ഓടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു ടീമിന് ഇരുപതോവർ പോലും ബാറ്ര് ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാലാണ് മത്സരം ഉപേക്ഷിച്ചത്. ആദ്യ മത്സത്തിൽ വെസ്റ്രിൻഡീസിനോട് തോറ്റ പാകിസ്ഥാൻ രണ്ടാം മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ കീഴടക്കി തിരിച്ചുവരവ് നടത്തിയിരുന്നു. ശ്രീലങ്കയുടെ കാര്യവും സമാനമാണ്. അവർ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പത്ത് വിക്കറ്രിന് തോറ്രെങ്കിലും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 34 റൺസിന് കീഴടക്കിയിരുന്നു. 3 പോയിന്റ് വീതമുള്ള ശ്രീലങ്കയും പാകിസ്ഥാനും നിലവിൽ യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങളിലാണ്.