ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം താൽക്കാലികമാണെന്നും ശക്തമായി തിരിച്ച് വരുമെന്നും സി.പി.എം. നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ച് വരുമെന്നും തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റിയിൽ കേരള ഘടകം അറിയിച്ചു. ബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് മാത്രമേ ചോർന്നെന്നും സി.പി.എം ബംഗാൾ ഘടകം അറിയിച്ചു.
ബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് ബി.ജെ.പിക്ക് ചോർന്നിട്ടുണ്ട്. പരാജയത്തിന്റെ പ്രധാന കാരണം വോട്ട് ചോർന്നതാണ്. സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചയ്ക്കും ഇത് കാരണമായി. എന്നാൽ അനുഭാവികളുടെ വോട്ടുകൾ ആരുടെയും കുത്തകയല്ലെന്നും ബംഗാൾ ഘടകം വ്യക്തമാക്കി. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ തിരുത്തലുകൾ വേണ്ടിവരും. കോൺഗ്രസുമായുള്ള സംഖ്യം പാർട്ടിക്ക് ഗുണം ചെയ്യുമായിരുന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം പിബിയിൽ ഒരു വിഭാഗം വിയോജിച്ചു.
തിരഞ്ഞെടുപ്പ് ഫലം കേന്ദ്രകമ്മിറ്റി യോഗം വിശദമായി വിലയിരുത്തും. അതിന് ശേഷം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും. ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും കേന്ദ്രനേതൃത്വം അറിയിച്ചു.