ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇമ്രാൻ ഖാൻ വീണ്ടും കത്തയച്ചു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദി - ഇമ്രാൻ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി കത്തയച്ചത്. ഈ മാസം 13-നാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി തുടങ്ങുന്നത്.
ഇമ്രാൻ ഖാന്റെ കത്തിൽ കാശ്മീർ വിഷയത്തെ കുറിച്ചും പറയുന്നുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ടെലിഫോൺ വഴിയാണ് ഇമ്രാൻ ഖാൻ പ്രധാനമന്ത്രി മോദിക്ക് ആശംസകൾ പകർന്നത്. അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇമ്രാൻ ഖാന്റെ ആശംസകൾക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം മേഖലയിൽ സമാധാനം ഉറപ്പാക്കാൻ, രണ്ടാമൂഴത്തിൽ അധികാരമേറ്റ മോദി ഇമ്രാനുമായി ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോദി അധികാരത്തിലെത്തിയതിന് ശേഷം പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഫൈസൽ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി , ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിറക്കിയിരുന്നു. എന്നാൽ മാത്രമേ തെക്കേ ഏഷ്യയിൽ സമാധാനം, വികസനം, സമൃദ്ധി എന്ന നയം നടപ്പാകുമെന്നും വ്യക്തമാക്കിയിരുന്നു.