തിരുവനന്തപുരം: മിടുമിടുക്കനെന്ന് പേരെടുത്ത ഐ.ജി ദിനേന്ദ്ര കശ്യപ് തലപ്പത്തെത്തിയതോടെ സിറ്റി പൊലീസിന് ഇനി പുതിയ മുഖം. കുറ്റാന്വേഷണവും ക്രമസമാധാന പാലനവുമെല്ലാം ഇനി പഴുതടച്ചതാവും. നമ്മുടെ നഗരത്തിന്റെ പൊലീസ് മേധാവിയായി ഇൻസ്പെക്ടർ ജനറൽ (ഐ.ജി) നിയമിതനായതോടെ, സിറ്റി പൊലീസിന്റെ പ്രവർത്തനം കൂടുതൽ കരുത്തുറ്റതായി മാറും. സ്ഥിരം ക്രിമിനലുകൾക്കെതിരെ ഗുണ്ടാനിയമം ചുമത്താനും കരുതൽ തടങ്കലിലാക്കാനുമുള്ള അധികാരം കൂടി കമ്മിഷണർക്ക് ലഭിക്കുന്നതോടെ തലസ്ഥാനം ക്ലീനാവും.
ജെന്റിൽമാൻ എന്നാണ് പൊലീസിൽ കശ്യപിന് വിളിപ്പേര്. പൊലീസിലെ 'നേരേ വാ, നേരേ പോ" നയക്കാരനാണ് കശ്യപ്. കൃത്യതയുള്ള കാര്യങ്ങളേ പറയൂ, ചെയ്യൂ. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾ തടയുന്നതിൽ പൊലീസിന്റെ നിസഹായത തുറന്നുപറഞ്ഞതിന്, നേരത്തേ സി.പി.എമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു. ''രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ പൊലീസിന് പരിമിതികളുണ്ട്. പൊലീസ് വിചാരിച്ചാൽ മാത്രം കണ്ണൂരിലെ അക്രമങ്ങൾ നിയന്ത്രിക്കാനാവില്ല"" എന്ന് തുറന്നുപറഞ്ഞ് 48 മണിക്കൂർ കഴിയും മുൻപ് കശ്യപിന് കണ്ണൂർ ഐ.ജി കസേര നഷ്ടമായിരുന്നു. ശിക്ഷയെന്ന പോലെ ക്രൈംബ്രാഞ്ചിൽ പ്രതിഷ്ഠിച്ചപ്പോൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിച്ച് കശ്യപ് താരമായി. എ.ഡി.ജി.പി സന്ധ്യയുടെ നിലപാടുകളെ വകവയ്ക്കാതെ അന്വേഷണത്തിലും തെളിവുശേഖരണത്തിലും കശ്യപ് ഉറച്ചുനിന്നിരുന്നു. തെളിവുശേഖരണത്തിന് മുൻതൂക്കം നൽകി, ഒമ്പതുവർഷം സി.ബി.ഐയിലായിരുന്ന കശ്യപ് മുന്നേറിയതോടെ നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ കഴിയുന്ന തലത്തിൽ നിന്ന് പിടിവിട്ടുപോവുകയായിരുന്നു.
ജാർഖണ്ഡിലെ തിലൈയ്യ സൈനിക സ്കൂളിൽ പഠിച്ചിറങ്ങിയ കശ്യപെന്ന കാർക്കശ്യക്കാരനെ ആർക്കും പെട്ടെന്ന് സ്വാധീനിക്കാനാവില്ല. ശാന്തസ്വഭാവിയാണെങ്കിലും ബുദ്ധിശാലി. കൊച്ചിയിലെ കേസിന്റെ തുടക്കത്തിൽ ഗൂഢാലോചനയെക്കുറിച്ച് തെളിവൊന്നുമുണ്ടായില്ല. ഈ ഘട്ടത്തിൽ, കശ്യപിന്റെ ഒരു 'നോ" ആയിരുന്നു നടൻ ദിലീപിനെ അറസ്റ്റിൽ നിന്ന് രക്ഷിച്ചത്. മതിയായ തെളിവുകൾ കൈയിലെത്തിയപ്പോൾ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കശ്യപിന്റെ വിളിയെത്തി, യെസ് സർ, വി വിൽ ഡു ഇറ്റ്. അന്വേഷണത്തിൽ ഏറ്റവും ദുഷ്കരമായ ഗൂഢാലോചനയുടെ ചുരുളഴിക്കൽ വിജയകരമായി പൂർത്തിയാക്കി ദിനേന്ദ്ര കശ്യപ് പൊലീസിന് ഒരു പൊൻതൂവൽ സമ്മാനിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഒഫ് ഓണറായിരുന്നു സർക്കാരിന്റെ സമ്മാനം. ബീഹാർ മൊഖാമ സ്വദേശിയായ ദിനേന്ദ്ര കശ്യപ് 1998 ബാച്ച് ഐ.പി.എസുകാരനാണ്.
സി.ബി.ഐയിലായിരുന്നപ്പോൾ ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെതിരായ അഴിമതിക്കേസ് അന്വേഷിച്ച് കശ്യപ് ദേശീയശ്രദ്ധ നേടി. തിരുവനന്തപുരം കമ്മിഷണറായി സർക്കാരിനു മുന്നിലുണ്ടായിരുന്ന ആദ്യ ഓപ്ഷനായിരുന്നു കശ്യപ്. അടുത്തിടെ ഡെപ്യൂട്ടേഷനിൽ വീണ്ടും സി.ബി.ഐയിലേക്ക് പോവാൻ കശ്യപ് ശ്രമിച്ചിരുന്നു. പക്ഷേ, മികച്ച ഉദ്യോഗസ്ഥനായ കശ്യപ് കേരളത്തിൽ തുടരണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ട് ജനങ്ങളിലും പൊലീസുകാരിലും വിശ്വാസ്യത നേടിയെടുക്കുന്ന കശ്യപ് സാമൂഹിക-സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാറുണ്ട്. ആൾ ഇന്ത്യാ റേഡിയോയിൽ മാദ്ധ്യമപ്രവർത്തകയായിരുന്ന ഭാര്യ പൂജാ കശ്യപ് ഇപ്പോൾ ചിത്രരചനയിൽ സജീവം. അർബുദ രോഗികളെ സഹായിക്കാൻ തലസ്ഥാനത്ത് പൂജ ഇടയ്ക്കിടെ ചിത്രപ്രദർശനം നടത്താറുണ്ട്. മകൾ ആറാംക്ലാസുകാരി കാവ്യ.
'എല്ലാം ജനങ്ങൾക്ക് വേണ്ടി"
സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ ശേഷം ദിനേന്ദ്ര കശ്യപ് 'സിറ്റികൗമുദി"യുമായി സംസാരിച്ചു. നഗരത്തിലെ പൊലീസിംഗ് മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന നൽകുകയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് കമ്മിഷണറേറ്റ് രൂപീകരിച്ച് വിജ്ഞാപനം ഇറങ്ങിയിട്ടില്ല. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പൊലീസിന് കൂടുതൽ അധികാരങ്ങളുണ്ടാവും. സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്താനടക്കം അധികാരം പൊലീസിന് ലഭിക്കും. ഇപ്പോൾ കമ്മിഷണറുടെ ശുപാർശ പ്രകാരം കളക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കേണ്ടത്.
ഇതിനുള്ള അധികാരം ലഭിക്കുന്നതോടെ, നഗരത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികളെടുക്കാനാവും. സ്ഥിരം കുറ്റവാളികളെ അകത്താക്കി ക്രമസമാധാന പാലനം ഉറപ്പാക്കും. ഈ നടപടികളെല്ലാം ജനങ്ങൾക്കു വേണ്ടിയാണ്. ഇന്നുമുതൽ കമ്മിഷണർ അവധിയിലാണ്. കുടുംബപരമായ ആവശ്യത്തിന് ഒരുമാസം മുൻപേ എടുത്ത അവധിയാണ്. ഈ മാസം 22ന് മടങ്ങിയെത്തും. അതുവരെ സഞ്ജയ് കുമാർ ഗുരുദിൻ കമ്മിഷണറുടെ ചുമതല വഹിക്കും.