തിരുവനന്തപുരം : നഗരത്തിന്റെ സ്വപ്ന പദ്ധതിയായ സ്മാർട്ട് സിറ്റി പേരിൽ മാത്രം ഒതുങ്ങുന്നു. പദ്ധതിയിൽ ഇടംപിടിക്കാൻ കാട്ടിയ ആവേശം പിന്നെ കുറഞ്ഞതോടെ നടപടികൾ ഒച്ചിഴയുന്നതുപോലെയാണ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസു തന്നെ തുടർച്ചയായ മൂന്ന് ബോർഡ് യോഗങ്ങളിൽ പങ്കെടുത്തില്ല. ബോർഡിന്റെ നിയമ പ്രകാരം ഇതോടെ അദ്ദേഹം സ്വാഭാവികമായും പുറത്തായി. സർക്കാർ ശുപാർശയോടെ മാത്രമേ ഇനി വകുപ്പ് സെക്രട്ടറിക്ക് ബോർഡിൽ അംഗത്വം ലഭിക്കൂ. ഇങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ ചുമതലകളിൽ നിന്ന് പിന്നോട്ട് പോയതോടെയാണ് പദ്ധതി പ്രവർത്തനങ്ങൾ താളം തെറ്റിയത് .
2017 ജൂണിലാണ് കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി ചലഞ്ചിൽ നഗരസഭ ഒന്നാം സ്ഥാനം നേടുന്നത്. രണ്ടു വർഷത്തിനിടെ ഒന്നും യാഥാർത്ഥ്യമായിട്ടില്ല. ഇതിനകം 4 പദ്ധതികൾ മാത്രമേ ടെൻഡർ ചെയ്തിട്ടുള്ളൂ. 3 എണ്ണം ടെൻഡർ ഘട്ടത്തിലാണ്. രൂപരേഖ അംഗീകരിച്ച ഒരു പദ്ധതി ടെൻഡർ ചെയ്യാനും 3 പദ്ധതികൾക്ക് സാങ്കേതികാനുമതി ലഭിക്കാനുമുണ്ട്. 15 പദ്ധതികൾ രൂപരേഖ തയ്യാറാക്കൽ ഘട്ടത്തിലാണ്. അതേസമയം, അടുത്തവർഷം മാർച്ചിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ 41 പദ്ധതികൾക്കുമായി സമയക്രമം പുനഃക്രമീകരിച്ചു.
ഓപ്പൺ ജിം, 24 മണിക്കൂർ കുടിവെള്ള വിതരണം, ഡ്രെയിനേജ് നെറ്റ് വർക്ക്, മഴവെള്ള സംഭരണം, പൊതു ടോയ്ലെറ്റുകളുടെ നവീകരണം, കുടിവെള്ള ഫൗണ്ടനുകൾ സ്ഥാപിക്കൽ, ഇൻഫർമേഷൻ കിയോസ്ക്കുകൾ, ഇ- ആട്ടോ, ബൈസൈക്കിൾ ഷെയറിംഗ് പോഡ്സ് എന്നീ പദ്ധതികൾ അടുത്ത മാസം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
പദ്ധതി നടത്തിപ്പിലെ മെല്ലെപ്പോക്കു കാരണം ഈ കൗൺസിലിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിയുമോ എന്നാണ് ആശങ്ക.
ചെലവഴിച്ചത് 3.25 കോടി മാത്രം
പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തോളം മാത്രം ശേഷിക്കെ, പദ്ധതിക്കായി അനുവദിച്ച തുകയിൽ ഇതുവരെ 3.25 കോടി മാത്രമാണ് ചെലവഴിച്ചത്. ഓഫിസ് മോടിപിടിപ്പിക്കൽ, ഈ കാലയളവിലെ ജീവനക്കാരുടെ ശമ്പളം തുടങ്ങി ഭരണപരമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് തുക ചെലവഴിച്ചിരിക്കുന്നത്. പ്രോജക്ട് ഫണ്ട് ഇനത്തിൽ 96 കോടിയും ഭരണവിനിയോഗത്തിനായി 4 കോടിയുമാണ് സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്.
ഇതിൽ ഭരണ വിനിയോഗ ഇനത്തിൽ 3.25 കോടി മാത്രമാണു ചെലവഴിച്ചത്. പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത ഒരു പ്രോജക്ടു പോലും ആരംഭിക്കാൻ കഴിയാഞ്ഞതിനാൽ വകയിരുത്തിയ തുക ചെലവഴിച്ചതായി കാണിക്കാനും കഴിയില്ല. ചെലവ് കാണിക്കാതെ ബാക്കി വിഹിതം കേന്ദ്രത്തോട് ചോദിക്കാനും സാധിക്കില്ല. 1538.19 കോടിയാണ് പദ്ധതിക്കായി വേണ്ടത്. ഇതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 500 കോടി വീതം വഹിക്കണം. 135.7 കോടി നഗരസഭ വിഹിതമാണ്. കേന്ദ്ര സർക്കാരിന്റെ മറ്റു പദ്ധതികളിൽ നിന്ന് 260.1 കോടിയും സ്വകാര്യ പങ്കാളിത്തം വഴി 142.39 കോടിയും കണ്ടെത്തണം.