തിരുവനന്തപുരം : തലസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രമായ പാളയം കണ്ണിമേറ മാർക്കറ്റ് ന്യൂജനറേഷനാകുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നൂറ് കോടി രൂപ ചെലവിൽ മാർക്കറ്റ് നവീകരിക്കാനാണ് നഗരസഭയുടെ പദ്ധതി. മാർക്കറ്റിന്റെ 202-ാം പിറന്നാളാണ് ഇക്കൊല്ലം.
നഗരസഭയുടെയും ട്രിഡയുടെയും ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കണ്ണിമേറ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി നാലു നില കെട്ടിടമാണ് നിർമ്മിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കണ്ണിമേറ മാർക്കിലെ ആർച്ച് ഗേറ്റ് പൈതൃക മന്ദിരമായി നിലനിറുത്തിക്കൊണ്ടുള്ള ഡി.പി.ആറാണ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിംഗിന് സൗകര്യമൊരുക്കും. ആദ്യത്തെ നിലയിൽ നിലവിലെ കടകൾ മാറ്റി സ്ഥാപിക്കും. ചെറുതും വലുതുമടക്കം നാനൂറോളം കടകൾ നിലവിൽ മാർക്കറ്റിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടും മൂന്നും നിലകളിൽ പുതിയ കടകൾക്കായി സൗകര്യമൊരുക്കും.
സാങ്കേതിക അനുമതി ലഭിച്ചാലുടൻ നാല് മാസത്തിനകം പദ്ധതി ആരംഭിക്കും. ഒന്നര വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കും. നിർമ്മാണം നടക്കുന്ന വേളയിൽ മാർക്കറ്റിന് മുന്നിലും പിന്നിലുമായുള്ള ട്രിഡയുടെ സ്ഥലത്തേക്ക് കടകൾ മാറ്റി സ്ഥാപിക്കും. ഇതിനായി ട്രിഡ അധികൃതരുടെ അനുമതി തേടിയിട്ടുണ്ടെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.
നിലവിൽ സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണ് മാർക്കറ്റ്. ഈ പ്രശ്നം പരിഹരിക്കും വിധം വിപുലമായായിരിക്കും നവീകരണം. മാർക്കറ്റിലെ മാലിന്യ സംസ്കരണവും പ്രശ്നത്തിലാണ്. പുതിയ പ്ലാനിൽ ഇത് പരിഹരിക്കപ്പെടും.
ഇരുനൂറിന്റെ നിറവിൽ കണ്ണിമേറ
ബ്രിട്ടീഷ് ഭരണകാലത്തെ മഹനീയമായ നിരവധി ശേഷിപ്പുകൾ അവശേഷിക്കുന്ന തലസ്ഥാനത്തെ പ്രധാന സ്ഥലമാണ് പാളയത്തെ കണ്ണിമേറ മാർക്കറ്റ്. പട്ടാളം തമ്പടിച്ചിരുന്ന സ്ഥലമായതിനാലാണ് ഇവിടം പാളയമായത്. ചന്ത സ്ഥാപിതമായിട്ട് 202 വർഷം തികയും. 1817ൽ (കൊല്ലവർഷം 992 മേടം 27) അന്നത്തെ തിരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതിബായിയാണ് ചന്ത തുടങ്ങിയത്. നന്ദാവനത്തിനും വെട്ടുവഴിക്കും വടക്കുവശത്തുള്ള ഒരു വിളയിൽ തിങ്കളാഴ്ച തോറും ചന്ത നടത്താനായിരുന്നു ഉത്തരവ്. പിന്നീട് പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായി അത് മാറി. ശ്രീമൂലം തിരുനാളിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ ഗവർണർ കണ്ണിമേറ അനന്തപുരി സന്ദർശിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പാളയം ചന്തയ്ക്ക് പ്രവേശനകവാടം നിർമ്മിക്കുകയും ചന്തയ്ക്ക് കണ്ണിമേറ മാർക്കറ്റ് എന്ന് പുനർനാമകരണം നടത്തുകയുമായിരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഗവർണർ കണ്ണിമേറയായിരുന്നു.
ഭാർഗവി നിലയമായി മത്സ്യമാർക്കറ്റ്
മൂന്ന് വർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണം ആരംഭിച്ച പാളയം ഹൈടെക് മത്സ്യമാർക്കറ്റ് എവിടെയും എത്തിയില്ല.
മത്സ്യഫെഡിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു ഹൈടെക് മാർക്കറ്റിന്റെ രൂപകല്പന. മത്സ്യം വാങ്ങാൻ വരുന്നവർക്ക് മേൽ മീൻവെള്ളമോ അഴുക്കോ തെറിക്കാത്ത വിധത്തിലും അഴുക്കും ഐസ് വെള്ളവും മാർക്കറ്റിൽ വ്യാപിക്കാതെ ഒഴുകിപ്പോകത്തക്ക വിധത്തിലുമാണ് രൂപകല്പന.
ഒരു ടേബിളിൽ രണ്ടാളെന്ന ക്രമത്തിൽ ഒരേ സമയം മൂന്നു ഡസൻ കച്ചവടക്കാർക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണ് സജ്ജീകരിച്ചത്. നിർമ്മാണം ഏകദേശം പൂർത്തിയാകാനിരിക്കെയാണ് മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾ തങ്ങൾക്ക് ഇരുന്ന് വില്പന നടത്താൻ സൗകര്യമില്ലാത്ത വിധത്തിലാണ് പുതിയ സംവിധാനമെന്ന പരാതി ഉന്നയിച്ചത്. മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ മാർക്കറ്റിന്റെ അവസാന വട്ട മിനുക്ക് പണികൾ നഗരസഭ നിറുത്തിവച്ചു. പുതിയ ഡി.പി.ആറിൽ ഇതിനെ എവിടെ ഉൾക്കൊള്ളിക്കുമെന്നു പോലും അധികൃതർക്ക് നിശ്ചയമില്ല.