തിരുവനന്തപുരം : റോഡരികിൽ മാലിന്യ നിക്ഷേപം നടത്തിയാൽ പിടിവീഴുമെങ്കിൽ പിന്നെ റോഡിനോട് ചേർന്ന സർക്കാർ വക ഭൂമിയിൽ നിക്ഷേപിക്കാം എന്നതാണ് തലസ്ഥാന നഗരത്തിലെ മാലിന്യനിക്ഷേപകരുടെ രീതി. സർക്കാർ ഭൂമി എവിടെയുണ്ടെന്ന് കണ്ടെത്തി അവിടെ കൊണ്ടിട്ടാൽ ആരും ചോദിക്കാനും വരില്ലല്ലോ എന്ന കണക്കുകൂട്ടലിലാണ് ഇക്കൂട്ടർ. ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ സംസ്കൃത കോളേജ് കെട്ടിടത്തിന് സമീപത്തായാണ് ഇപ്പോൾ ടൺ കണക്കിന് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്. വി.ജെ.ടി ഹാളിനു മുന്നിൽ നിന്ന് ജേക്കബ്സ് ജംഗ്ഷനിലേക്ക് പോകുന്ന ലിങ്ക് റോഡിന് സമീപത്തെ സംസ്കൃത കോളേജ് കെട്ടിടത്തിന് സമീപത്താണ് കവറുകളിലും ചാക്കിലും കെട്ടി മാലിന്യം തള്ളുന്നത്. റോഡിൽ നിന്ന് അല്പം താഴ്ന്ന നിലയിലാണ് സംസ്കൃത കോളേജിന്റെ ഭൂമിയുടെ സ്ഥാനം. ഇതിനാൽ റോഡിൽ നിന്ന് നേരെ താഴേക്ക് എടുത്തെറിയുന്ന മാലിന്യ കവറുകളും ചാക്കുകളുമാണ് കുന്നുകൂടി കിടക്കുന്നത്.
മാലിന്യം ചീഞ്ഞഴുകി പരിസരമാകെ ദുർഗന്ധ പൂരിതമാണ്. ഇക്കാരണത്താൽ ഇതുവഴിയുള്ള യാത്രയും വേണ്ടെന്നു വയ്ക്കേണ്ടി വരും. ഹോട്ടൽ അവശിഷ്ടങ്ങളും ഇവയിൽപ്പെടും. സമീപത്തെ വ്യാപാര കേന്ദ്രത്തിലെ കടകളിൽ നിന്ന് കൊണ്ടിടുന്ന മാലിന്യമാണ് അവിടെയാകെ ദുർഗന്ധം വമിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
മാസങ്ങളായി ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമായിട്ടും അധികൃതരാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടുപോലുമില്ല എന്നതാണ് യാഥാർത്ഥ്യം. മാലിന്യനിക്ഷേപം നിരോധിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കാനോ കുറ്റക്കാരെ പിടികൂടാൻ കാമറ നിരീക്ഷണ സംവിധാനം സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. മഴക്കാലം തുടങ്ങിയതോടെ മാലിന്യങ്ങൾ ചീഞ്ഞഴുകി സാംക്രമിക രോഗങ്ങൾ പടരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇക്കാര്യങ്ങൾ മുൻ നിറുത്തി അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ അവശ്യം.