കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി.കൊച്ചി നാവികസേന വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം കൊച്ചിയിലെ ഗസ്റ്റ് ഹൗസ്സിലേക്ക് പുറപ്പെട്ടു. ഗവർണർ പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, സുരേഷ് ഗോപി എം.പി എന്നിവർ എത്തി
ഇന്ന് പുലർച്ചെ പ്രധാനമന്ത്രി 9.15 ന് പ്രത്യേക ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. 9.45ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകും. 10 മണിക്ക് ഗുരുവായൂർ ക്ഷേത്രദർശത്തിനെത്തും. . തുലാഭാരം,കളഭച്ചാർത്ത് ഉള്‍പ്പെടെയുളള വഴിപാടുകള്‍ നടത്താനാണ് ദേവസ്വം അധികൃതർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
താമരപ്പൂവുകൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 11.25ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ബി.ജെ.പിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്.
ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.