തിരുവനന്തപുരം: അപകടങ്ങളും അത്യാഹിതങ്ങളും നടക്കുമ്പോൾ സെൽഫി സ്റ്റിക്കും മൊബൈൽ ഫോണുമായി നേരിടാനിറങ്ങുന്ന ജനതയ്ക്ക് സുരക്ഷയുടെ സന്ദേശം പകർന്നു നൽകി കേരള ഫയർ സർവീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച അതിജീവനത്തിന്റെ സ്നേഹവിരലുകൾ എന്ന തെരുവ് നാടകം ശ്രദ്ധേയമായി. 10, 11 തീയതികളിൽ തിരുവനന്തപുരം ഒളിമ്പ്യ ഹാളിൽ നടക്കുന്ന കേരള ഫയർ സർവീസ് അസോസിയേഷന്റെ മുപ്പത്തേഴാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കലാജാഥയുടെ ഭാഗമായാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം നാടകം അവതരിപ്പിച്ചത്.
സ്വകാര്യ ബാങ്കുകളുടെ അമിത പലിശയിൽ മനംനൊന്ത് ആത്മഹത്യയിലേക്ക് തള്ളിയിടപ്പെടുന്ന മനുഷ്യരെ രക്ഷിക്കാൻ ശ്രമിക്കുന്ന സന്ദർഭത്തോടെയാണ് നാടകം തുടങ്ങുന്നത്. ഇതിന് ശേഷം ഫയർഫോഴ്സിനെ വിളിച്ച് പറ്റിക്കുന്ന വിരുതന്മാരെയും അപകടങ്ങളിൽ ഫോണുമായി സെൽഫിക്കും വീഡിയോയ്ക്കും ഇറങ്ങുന്നവരെയുമൊക്കെ നാടകം വിമർശിക്കുന്നു. അപകടങ്ങളിൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്നുള്ള പ്ലക്ക് കാർഡുകളും സംഘം പ്രദർശിപ്പിച്ചു.
ഫയർഫോഴ്സ് ജീവനക്കാരായ എം.കെ. സുമേഷ്, സിദിൻ തുളസി, പ്രവീൺ,രതീഷ് മോഹൻ, സതീഷ്, പ്രശാന്ത്, കുമാരദാസ്, വിഷ്ണു എന്നിവരാണ് അഖിലൻ ചെറുകോട് സംവിധാനം ചെയ്ത നാടകത്തിലെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തത്.