ബി.സി.സി.ഐയുടെ ആവശ്യം ഐ.സി.സി തള്ളി
ലണ്ടൻ: എം.എസ്. ധോണിക്ക് കീപ്പിംഗ് ഗ്ലൗസിൽ സൈനിക ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കണമെന്ന ബി.സി.സിഐയുടെ ആവശ്യം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തള്ളി. അടുത്ത മത്സരത്തിൽ സൈനിക ചിഹ്നം ഗ്ലൗസിൽ ഉണ്ടാകരുതെന്നും നിർദ്ദേശം നൽകി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ഇന്ത്യൻ പാരാ സ്പെഷ്യൽ ഫോഴ്സസിന്റെ ചിഹ്നം (ബലിദാൻ ബാഡ്ജ്) പതിച്ച ഗ്ലൗസണിഞ്ഞ് ധോണി കളിക്കാനിറങ്ങിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം പെഹുൽക്വാവോയെ സ്റ്റമ്പ് ചെയ്യുന്നതിന്റെ റീപ്ലേയിലൂടെയാണ് ഗ്ലൗസിലെ ബലിദാൻ ചിഹ്നം എല്ലാവരും വ്യക്തമായി കണ്ടത്. ധോണിയുടെ നടപടിയെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട ഐ.സി.സി ഇതനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഐ.സി.സിയുടെ ഈ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. തുടർന്ന് കീപ്പിംഗ് ഗ്ലൗസിലുള്ള സൈനിക ചിഹ്നം നീക്കണമെന്ന നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐ ഐ.സി.സിക്ക് കത്തയച്ചു. ധോണിക്ക് പിന്തുണയുമായി കേന്ദ്രസർക്കാരും രംഗത്തെത്തി.
കടുത്ത സമ്മർദ്ദമുണ്ടായിട്ടും നിലപാടിലുറച്ച് നിന്ന ഐ.സി.സി സൈനിക ചിഹ്നം ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐയുടെ ആവശ്യം തള്ളുകയായിരുന്നു.
ഐ.സി.സിയുടെ നിയമമനുസരിച്ച് കളിക്കാർ മത്സരസമയത്ത് വസ്ത്രത്തിലോ ശരീരത്തിലോ കളിക്കളത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളിലോ ഔദ്യോഗിക സ്പോൺസർമാരുടെതല്ലതെ മതപരമോ, വ്യക്തിപരമോ, സൈനികമോ ആയ ഒരു തരത്തിലുള്ള അടയാളങ്ങളും പ്രദർശിപ്പിക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതനുസരിച്ചാണ് ഗ്ലൗവിൽനിന്ന് സൈനിക ചിഹ്നം നീക്കാൻ ഐ.സി.സി ആവശ്യപ്പെട്ടത്. ടെറിട്ടോറിയൽ ആർമിയിൽ ഒാണററി ലഫ്റ്റ്നന്റ് കേണലായ ധോണി 2015 ൽ പാരാ ബ്രിഗേഡിന് കീഴിൽ പരിശീലനം നേടിയിരുന്നു.