പാലക്കാട്: പാലാരിവട്ടം മേൽപാലം മാറ്റിപ്പണിയുന്നതാണ് ഉചിതമായ മാർഗമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു. പാലങ്ങൾക്ക് 100 വർഷത്തിനു മീതെ ആയുസ് വേണ്ടതാണെന്നും പൊടിക്കൈകൾ കൊണ്ടു പാലം നിലനിറുത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പ്രമുഖ മാദ്ധ്യമത്തോടു പറഞ്ഞു.
ഇളക്കം തട്ടിയ ഗർഡറുകൾ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ലെന്നും പുതിയവ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മേൽപാലത്തിന്റെ കാര്യത്തിൽ ഇപ്പോൾ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലത്തിന്റെ ഡിസൈൻ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗർഡറുകൾ കൂട്ടിയിണക്കാൻ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്പോൾ പാലം ഇളകുന്നതിനുള്ള മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലത്തിൽ ആവശ്യത്തിനു ‘മിഡിൽ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതയിലുള്ള പാലങ്ങൾ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്കു സംവിധാനങ്ങളുണ്ട്. കരാറുകൾ നൽകാൻ വേണ്ടി മാത്രം മേൽപാലം പോലുള്ള പദ്ധതികൾ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലം തകർച്ച നേരിട്ടപ്പോൾ ആദ്യം വിജിലൻസിനെ സമീപിക്കുകയല്ല, എൻജിനീയറിംഗ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്. വിജിലൻസിനെ കൊണ്ടുവന്നാൽ പാലം നന്നാകില്ല. തിരുനാവായ, പെരിന്തൽമണ്ണ മേൽപാലങ്ങൾക്കു സംഭവിച്ചതും ഇതാണ്. എന്നിട്ടും ഗുരുതരമായ കൃത്യവിലോപം ആവർത്തിക്കപ്പെടുന്നത് അംഗീകരിക്കാൻ വയ്യെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി.
കൊച്ചിയിൽ ഡി.എം.ആർ.ഡി സ്വന്തം ഡിസൈനിൽ നിർമിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീർത്തത്. ഇടപ്പള്ളി മേൽപാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഫൂട് ഓവർ ബ്രിജും എസ്കലേറ്ററും നിർമിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആർസി ചെയ്തിട്ടില്ല. പാലം പൂർത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയിൽ 16.11 കോടി രൂപ മടക്കി നൽകുകയായിരുന്നുവെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്ന് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെതുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും കിറ്റ്ക്കോയിലെയും ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തത്.
നിലവാരമില്ലാത്ത സിമന്റാണ് പാലം നിർമ്മാണത്തിന് ഉപയോഗിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോദ്ധ്യമായിരുന്നു.