pm-narendra-mod

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ നിന്ന് ഗുരുവായൂരിലെത്തി. കൊച്ചിയിൽ നിന്ന് രാവിലെ 9.45ന് ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 10നാണ് ക്ഷേത്രത്തിലെത്തിയത്. ഒന്നേകാൽ മണിക്കൂർ ക്ഷേത്രത്തിൽ ചിലവിടും. 11.15ന് പുറത്തിറങ്ങുന്ന പ്രധാനമന്ത്രി 11.25ന് പൊതുപരിപാടിക്കായി ശ്രീകൃഷ്ണ എച്ച്.എസ്.എസിലെ ഗ്രൗണ്ടിലെത്തും. 12ന് പരിപാടി കഴിഞ്ഞ് 12.10ന് ഹെലികോപ്റ്ററിൽ തിരിക്കുന്ന പ്രധാനമന്ത്രി 12.40 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും.

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ രാവിലെ ഏഴ് മുതൽ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയും വരെ ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. കിഴക്കേ നടയിൽ രാവിലെ ഏഴ് മുതൽ ബാരിക്കേഡ് വഴി പ്രവേശനം നിയന്ത്രിക്കും. ഒൻപത് മണിയോടെ എല്ലാവരെയും ഒഴിപ്പിക്കും. പിന്നെ പ്രധാനമന്ത്രി പോയ ശേഷമേ ഭക്തരെ പ്രവേശിപ്പിക്കൂ. രാവിലെ എട്ടിന് പൊലീസ് വിന്യാസത്തിന് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ക്ഷേത്രത്തിൽ പ്രധാനമന്ത്രി എട്ട് വഴിപാടുകളാണ് നടത്തുക. അഹസ്, മുഴുക്കാപ്പ് കളഭം, താമര കൊണ്ട് തുലാഭാരം, പാൽപ്പായസം, അപ്പം, അട, അവിൽ, ഉണ്ടമാല എന്നിവയാണ് വഴിപാടുകൾ. തുലാഭാരത്തിനുള്ള 110 കിലോ താമര ഇന്നലെ രാത്രി ക്ഷേത്രത്തിൽ എത്തിച്ചു.

ക്ഷേത്രം കിഴക്കേഗോപുരകവാടത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി എതിരേൽക്കും. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തിൽ നിന്ന് മടങ്ങുക. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്‌കൂൾ മൈതാനത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.