modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയപ്പോൾ. ഫോട്ടോ: റാഫി എം.ദേവസി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രം ദർശനം നടത്തി. രാവിലെ പത്തരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടത്. ഉപദേവതമാരെ തൊഴുത് ചുറ്റമ്പല പ്രദക്ഷണം തടത്തിയ പ്രധാനമന്ത്രി താമരപ്പൂ കൊണ്ട് തുലഭാരവും നടത്തിയാണ് മടങ്ങിയത്. മുഴുക്കാപ്പ് കളഭം, അഹസ് അടക്കം ഏഴ് വഴിപാടുകൾ അദ്ദേഹം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രണ്ടാം വട്ടം പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ പൂർണകുംഭം നൽകി ഗുരുവായൂർ ദേവസ്വം ബോർഡ് ഊഷ്മളമായി വരവേറ്റു.

ക്ഷേത്രദർശനം കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ സന്ദർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തിയത്. ഗവർണറും ബി.ജെ.പി. നേതാക്കളും അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ അൽപ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താൻ 112 കിലോ താമരപ്പൂക്കളാണ് എത്തിച്ചിരുന്നത്.

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ സ്വീകരിക്കുന്ന കളക്ടർ ടി.വി അനുപമ ഫോട്ടോ: റാഫി എം.ദേവസി

11.25ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ ബിജെപിയുടെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ പൊതുയോഗമാണ് ഇത്. നാല് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിന്നായി പതിനായിരത്തോളം പേർ പൊതു സമ്മേളനത്തിനെത്തിയിട്ടുണ്ട്. അഭിനന്ദൻ സഭ എന്ന് പേരിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കർശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. 2008ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി ഇതിനു മുമ്പ് ഗുരുവായൂരിൽ ദർശനത്തിനെത്തിയത്. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഗവർണർ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേന്ദ്രമന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എം.പി എന്നിവർ എത്തി അദ്ദേഹത്തെ സ്വീകരിച്ചു.