modi-imran

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന, കാശ്മീർ വിഷയമുൾപ്പെടെയുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയണമെന്നാണ് ഇമ്രാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കിർഗിസ്ഥാനിലെ ബിശ്കെക്കിൽ നടക്കുന്ന പ്രാദേശിക സമ്മേളനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുളള കൂടിക്കാഴ്ച്ച നടക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിനെ തുടർന്നാണ് പാകിസ്ഥാന്റെ ഈ പുതിയ നീക്കം.

ഇരു‌രാജ്യങ്ങളിലേയും ദാരിദ്ര്യം നി‌ർമ്മാർജനം ചെയ്യാനും വികസനപ്രവർത്തനങ്ങൾ ഊർജിതമാക്കാനും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യോജിക്കണമെന്നും ഇമ്രാൻ കത്തിൽ പറയുന്നു. കാശ്മീർ ഉൾപ്പെടെയുളള വിഷയങ്ങളിൽ പാകിസ്ഥാൻ പരിഹാരം ആഗ്രഹിക്കുന്നുവെന്നും ഇമ്രാൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഇനിയും പാകിസ്ഥാന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ബിശ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച്ച നടക്കാനാണ് സാധ്യത എന്നാണ് അറിയുന്നത്.

തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ വിജയത്തിൽ മോദിയെ ഇമ്രാൻ ഖാൻ അഭിനന്ദിച്ചിരുന്നു. ഇന്ത്യ ഇതിനോട് നന്ദി അറിയിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. 2016ലെ ഉറി ഭീകരാക്രമണത്തോടെ ഉലച്ചിൽ ആരംഭിച്ച ഇന്ത്യ-പാക് ബന്ധത്തിന് പരിഹാരം കാണാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്.