ചെങ്ങന്നൂർ : ജൂൺ മാസത്തിൽ കേരളത്തിലെത്തുന്ന മൺസൂൺ മഴയ്‌ക്കൊപ്പം കൃത്യമായി എത്തുന്ന ഒരു വിഭാഗം കൂടിയുണ്ട് അന്യനാടുകളിൽ നിന്നും വണ്ടി കയിറിയെത്തുന്ന മോഷ്ടാക്കൾ. രാത്രികാലത്ത് ശക്തമായി പെയ്യുന്ന മഴയുടെ ശബ്ദത്തിന്റെ മറപിടിച്ച് വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം നടത്തുന്നതാണ് മഴക്കാല മോഷ്ടാക്കളുടെ രീതി. മഴക്കാലത്ത് മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന സന്ദേശം പൊലീസ് ഉൾപ്പടെ നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം മഴയെത്തുന്നതിനു മുൻപേ മോഷ്ടാക്കളെ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ചെങ്ങന്നൂരിലെ നാട്ടുകാർ. ഇവിടെ ക്ഷേത്രത്തിലും വീടുകളിലുമടക്കം ഏഴിടത്താണ് മോഷണ ശ്രമം നടന്നത്, ചെറിയനാട്ടെ ഒരു വീട്ടിൽ നിന്നും പണം മോഷണം പോവുകയും ചെയ്തു. അടുക്കളഭാഗത്തെ ഗ്രിൽ അറുത്തുമാറ്റിയാണ് ചെറിയനാട് പള്ളത്ത് ടി.കെ.മാത്യുവിന്റെ വീട്ടിൽ മോഷണം നടത്തിയത്. വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9000 രൂപയാണ് മോഷ്ടിച്ചത്.
അതേസമയം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നു. കിഴക്കേ നടപ്പന്തലിലെ കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത് മോഷണം നടത്താനാണ് ശ്രമിച്ചത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചർമാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടക്കുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വിപരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ചയാണ് വഞ്ചിക്ക് സമീപം ഇരിക്കുന്നത് കണ്ടെത്തി. മോഷ്ടാവിനെ പിടികൂടുവാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.