lottery

കൊല്ലം : തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ച് രൂപ തട്ടി അജ്ഞാതനായ യുവാവ്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ലോട്ടറി ടിക്കറ്റിലെ നമ്പരിൽ കൃത്രിമം കാട്ടി പണം തട്ടിയ സംഭവമുണ്ടായത്. വഴിയരികിൽ ലോട്ടറി കച്ചവടം നടത്തുന്നയാളെയാണ് ബൈക്കിലെത്തിയ യുവാവ് കബളിപ്പിച്ചത്. ജൂൺ അഞ്ചിന് നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ആയിരം രൂപ സമ്മാനം ലഭിച്ച മൂന്ന് സീരിസിലുള്ള ടിക്കറ്റ് നൽകി 3000 രൂപയാണ് ഇയാൾ വാങ്ങിയത്. ലോട്ടറി ഏജന്റ് മൂവായിരം നൽകിയപ്പോൾ തിരികെ 540 രൂപ നൽകി ടിക്കറ്റും വാങ്ങിയാണ് യുവാവ് മടങ്ങിയത്. വൈകിട്ട് മെയിൻ ഏജൻസിയിലെത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം ലോട്ടറി കച്ചവടക്കാരൻ അറിയുന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. തട്ടിപ്പിനിരയായ ലോട്ടറി കച്ചവടക്കാരൻ പൊലീസിൽ പരാതി നൽകി.