ന്യൂഡൽഹി: സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാലിദ്വീപിലേക്ക് തിരിക്കും. ദേശസുരക്ഷയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാലിദ്വീപിലെ സന്ദർശനത്തിന് ശേഷം മോദി ശ്രീലങ്കയിലുമെത്തും. ജൂൺ എട്ടിന് മാലിദ്വീപിലെത്തുന്ന മോദി പ്രസിഡന്റ് ഇബ്രാഹീം മുഹമ്മദ് സ്വാലിഹുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് അദ്ദേഹം മാലിദ്വീപിലെ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമെന്നും വിവരമുണ്ട്. ഇരുനേതാക്കളും ചേർന്ന് രണ്ട് സുപ്രധാന പ്രതിരോധ സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യും. തീരസുരക്ഷയ്‌ക്ക് ഏറെ ഗുണകരമാകുന്ന നിരീക്ഷണ സംവിധാനവും മാലിദ്വീപിലെ ദേശീയ സുരക്ഷാ സേനയ്‌ക്കുള്ള പരിശീലന കേന്ദ്രവുമാണ് ഉദ്ഘാടനം ചെയ്യുന്നത്.
കഴിഞ്ഞ ഈസ്‌റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ തീവ്രവാദി ആക്രമണത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മോദി ശ്രീലങ്കയിലുമെത്തും. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കൊപ്പം എപ്പോഴും ഇന്ത്യയുണ്ടാകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.
അതേസമയം, ഗുരുവായൂർ ക്ഷേത്രം ദർശനത്തിനായി ഇന്നലെ കൊച്ചിയിലെത്തിയ മോദി തന്റെ ദർശനം പൂർത്തിയാക്കി.രാവിലെ പത്തരയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടത്. ഉപദേവതമാരെ തൊഴുത് ചുറ്റമ്പല പ്രദക്ഷണം തടത്തിയ പ്രധാനമന്ത്രി താമരപ്പൂ കൊണ്ട് തുലഭാരവും നടത്തിയാണ് മടങ്ങിയത്. മുഴുക്കാപ്പ് കളഭം, അഹസ് അടക്കം ഏഴ് വഴിപാടുകൾ അദ്ദേഹം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് മടങ്ങിയത്. ബി.ജെ.പി സംസ്ഥാന നേതാക്കൾ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, ഗവർണർ ജസ്‌റ്റിസ് പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരു
ക്ഷേത്രദർശനം കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതൽ സന്ദർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊച്ചിയിൽ നിന്ന് പ്രത്യേക ഹെലികോപ്‌റ്ററിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ എത്തിയത്. ഗവർണറും ബി.ജെ.പി. നേതാക്കളും അടക്കമുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. ശ്രീവത്സം ഗസ്‌റ്റ് ഹൗസിൽ അൽപ സമയം വിശ്രമിച്ച ശേഷം പത്ത് മണിയോടെ ക്ഷേത്രത്തിലെത്തി. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്താൻ 112 കിലോ താമരപ്പൂക്കളാണ് എത്തിച്ചിരുന്നത്.